Wednesday, 14 November 2012

ഗോപിനാഥന്‍ നായര്‍ സര്‍ പറഞ്ഞ കഥ


നമ്മുടെ നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകളെ കുറിച്ച് ആലോചിക്കുവാന്‍ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന പ്രാരംഭയോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രമുഖ ഗാന്ധീയനായ ശ്രീ.പി.ഗോപിനാഥന്‍ നായര്‍ പറഞ്ഞ ഒരു കഥ ഇവിടെ കുറിക്കുന്നു.
ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ താമസിക്കുന്ന ഒരു ദിവസം രാവിലെ പണ്ഡിറ്റ്‌ നെഹ്‌റു അദ്ദേഹത്തെ കാണാനെത്തി .ഗാന്ധിജി പല്ല് തെക്കാനായി സബര്‍മതി നദി തീരത്തായിരുന്നു .പണ്ഡിറ്റ്‌ജി ആശ്രമത്തില്‍ നിന്നു ഒരു പാത്രം വെള്ളവുമായി കരയിലേക്ക് നടന്നു വരുന്നു .കുറെ ദൂരം നടന്നതിനു ശേഷം അവിടെ നിന്നു പല്ല് വൃത്തിയാക്കി .പിന്നെയും നദിയിലേക്ക് പോയി വെള്ളം കൊണ്ട് വന്നു അതെ സ്ഥലത്ത് വച്ച് വായും മുഖവും കഴുകി .തിരിച്ചു വന്നപ്പോള്‍ പണ്ഡിറ്റ്‌ജി ചോദിച്ചു "ബാപ്പുജി എത്ര സമയമാണ് പല്ല് തെക്കാനായി എടുത്തത്‌ .നദിയില്‍ നിന്നും കരയിലേക്ക് ഇത്ര ദൂരം വരാതെ അവിടെ തന്നെ ഇതെല്ലാം ആകാമായിരുന്നല്ലോ?" ഗാന്ധിജി വളരെ ശാന്തനായി മറുപടി പറഞ്ഞു . "നദി താഴേക്കാണ് ഒഴുകുന്നത്‌ .ഒഴുകി ചെല്ലുന്ന പ്രദേശങ്ങളിലെ പതിനായിരകണക്കിനാളുകളുടെ കുടിവെള്ളമാണീ നദി .ഞാനിത് മലിനമാക്കാന്‍ പാടില്ല .അതിനാണ് ഞാന്‍ രണ്ടു പ്രാവശ്യം കരയിലേക്ക് നടന്നു വന്നത് ".
സെപ്ടിക് ടാങ്ക് മാലിന്യവും കീടനാശിനിയും ,വ്യാവസായിക മാലിന്യവും മാത്രമല്ല .നാട്ടിലെ മുഴുവന്‍ മാലിന്യങ്ങളും നദികളിലേക്ക് നിക്ഷേപിക്കുന്ന നമ്മുടെയെല്ലാം മുന്നില്‍ മഹാത്മാവ് നില്‍ക്കുകയാണ് ... അനശ്വരമായ ഒരു മാതൃകയായി .

Tuesday, 13 November 2012

നെയ്യാര്‍ സമ്മേളനം


നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ നദീ സംരക്ഷണത്തിനുള്ള പ്രചാരണ യാത്ര നവംബര്‍ 15 നു 2 മണിക്ക് മേധാ പട്ക്കര്‍ ഉദ്ഘാടനം ചെയ്യുന്നു .നെയ്യാറ്റിന്‍കരയിലെ പാലക്കടവില്‍ നടക്കുന്ന സമ്മേളനത്തില്‍ പി . ഗോപിനാഥന്‍ നായര്‍ , സുഗതകുമാരി , പ്രൊഫ .മധുസൂദനന്‍ നായര്‍ ,സീ ആര്‍ .നീലകണ്ഠന്‍ .മുനിസിപ്പല്‍ ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും .ആര്‍ .ശെല്‍വരാജ് എം എല്‍ എ അധ്യക്ഷത വഹിക്കും.
സറ്റാറ്റ്യുട്ടറി അധികാരമുള്ള നദീതട അതോറിറ്റി രൂപീകരിക്കുക , എന്ന ലക്ഷ്യവുമായി നടത്തുന്ന യാത്രക്ക് ,എം എല്‍ എ മാരായ വി ഡി സതീശന്‍ ,ടി എന്‍ പ്രതാപന്‍, എം വി ശ്രേയസ് കുമാര്‍ ,ഹൈബി ഈഡന്‍ ,വി ടി ബാലറാം ,കെ എം ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും .നദീസംരക്ഷണ സമിതികളേയും ,പൊതു പ്രവര്‍ത്തകരെയും ,എഴുത്തുകാരെയും ,സാംസ്കാരിക പ്രവര്‍ത്തകരെയും, ശാസ്ത്രജ്ഞരെയും പങ്കെടുപിച്ചു കൊണ്ട് കേരളത്തിലെ വിവിധ നദീ തീരങ്ങളില്‍ ജനകീയ സദസ്സുകളും ,പൊതുസംവാധങ്ങളും സംഘടിപ്പിക്കും .
ഒരു വര്‍ഷത്തിനകം ഈ വിഷയത്തില്‍ സംസ്ഥാനത്ത് ഒരു മാതൃകാ നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഈ സംരംഭം .നദികളിലെ മണല്‍ വാരലിനും മലിനീകരണത്തിനുമെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തും .കുടിവെള്ളം പോലും ഇറക്കുമതി ചെയ്യേണ്ടതായ അവസ്ഥയിലേക്ക് കേരളം പോകുകയാണെന്ന തിരിച്ചറിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും.