Sunday 21 July 2013

ഒരു പുതിയ പൗരസമൂഹം രൂപപ്പെടുന്നു (മലയാളനാട് ഇ പത്രത്തിൽ പ്രസിദ്ധീകരിച്ചത് )

കോൺഗ്രസ്സിൽ മാത്രമല്ല കേരളരാഷ്ട്രീയത്തിൽ തന്നെ വ്യത്യസ്തമായ ഒരു സാന്നിധ്യമാണ് വി. ടി. ബല്‍റാം. നിയമസഭയിൽ തൃത്താലയെ പ്രതിനിധീകരിക്കുന്ന ബല്‍റാംഏറെകാലമായി സോഷ്യൽ മീഡിയാകളിലും ഒരു സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡീയയിലെയും പൊതുസമൂഹത്തിലെയും തന്റെ ഇടപെടലുകളെ കുറിച്ച്, കാഴ്ചപ്പാടുകളെ കുറിച്ച് ബല്‍റാം സംസാരിക്കുന്നു.
1. നവമാധ്യമങ്ങളുടെ പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ കടന്നുവരവ് നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ?
സോഷ്യൽ മീഡീയയുടെ ഇഫക്റ്റ്സ് ഏറ്റവും കൂടുതൽ ക്രിയേറ്റീവ് ആയി ഉപയോഗിക്കുവാൻ സാധ്യതയുള്ളൊരു മേഖല രാഷ്ട്രീയമാണ്. നമ്മുടെ ചെറുപ്പക്കാർക്കിടയിൽ രാഷ്ട്രീയത്തിനോടൊരു വിരക്തിയൊക്കെ വളർന്നു വരികയാണല്ലൊ. അവരെ കൂടുതൽ കൺസ്റ്റ്രക്റ്റീവ് ആയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നവമാധ്യമങ്ങൾക്ക് കഴിയും. പരിമിതമായൊരർഥത്തിൽ ആ തരത്തിലുള്ളോരു പ്രയോഗമായിരുന്നു അണ്ണ ഹസാരെയുടെ സമരത്തിൽ കണ്ടത്. പിന്നീട് അത് അരാഷ്ട്രീയ പാതയിലേക്ക് പോയെങ്കിലും ആദ്യമായിട്ടാണ് ഇന്ത്യയിൽ വലിയൊരു വിഭാഗം മധ്യവർഗ ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇഷ്യൂസിൽ ഇങ്ങനെ ഇടപെടുന്നത്. കറപ്ഷനെതിരെ  എതിരെ ഒക്കെ നിർണ്ണായകമായ രീതിയിൽ ഇടപെടാൻ കഴിയും എന്ന അത്മവിശ്വാസം അവരിൽ സൃഷ്ടിച്ചത് സോഷ്യൽ മീഡീയ ആണ്. അവരുടെ ഇടപെടൽ അത്ര പോസിറ്റീവ് ആയിരുന്നോ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതായിരുന്നോ എന്നൊക്കെ രണ്ടഭിപ്രായമുണ്ടാകാം. പക്ഷേ അതിൽ പങ്കെടുത്തവർക്കെങ്കിലും അത്  ഒരു ആദ്യാനുഭവം  ആയിരുന്നു.

നമുക്ക് നല്ല രീതിയിൽ സോഷ്യൽ മീഡീയയെ  ഉപയോഗിക്കാൻ പറ്റും. രാഷ്ട്രീയ പ്രവർത്തകർ കൂടുതൽ ക്രിയേറ്റീവ് ആയിട്ട്  ഉപയോഗിക്കാൻ തയ്യാറായാൽ നല്ല റിസൽറ്റ് ഉണ്ടാക്കാൻ കഴിയും. ഇതിന്റെ ഏറ്റവും വലിയ ഗുണഫലം എന്നു പറയുന്നതുതന്നെ ഇന്ററാക്ഷൻ  നടക്കും എന്നതാണ്. മറ്റു മീഡിയകളിലൊന്നും ആ ഒരു തരം സാധ്യത ഇല്ല. ഇതുവരെ ഉണ്ടായതിൽ വെച്ച്‌ ഏറ്റവും ജനാധിപത്യപരമായ വേദി എന്നുവരെ വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു. ഇതിനെ ഒരു പുതിയ സാധ്യതയായിട്ട്‌ രാഷ്ട്രീയപ്രവർത്തകർ കാണേണ്ടതാണ്. അടിസ്ഥാനപരമായി രാഷ്ട്രീയ പ്രവർത്തനം എന്നു പറഞ്ഞാൽത്തന്നെ സമൂഹത്തിൽ നടത്തുന്ന ഒപ്പീനിയൻ ബിൽഡിംഗ്‌ ആണ്. ഓരോ വിഷയത്തേയും ആസ്പദമാക്കി രാഷ്ട്രീയപ്രവർത്തകരും അവർ പ്രതിനിധീകരിക്കുന്ന പൗരരും തമ്മിലുള്ള നിരന്തര കമ്മ്യൂണിക്കേഷൻ എന്നത്‌ രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണു. അതിനു പല കാലത്തും ഉപയോഗിച്ചുവന്നിരുന്നത് ഓരോ തന്ത്രങ്ങൾ അഥവാ മാധ്യമങ്ങൾ ആയിരുന്നു എന്ന് മാത്രം. പൊതുയോഗം അത്തരത്തിലൊരു മാധ്യമമാണു. പോസ്റ്റർ ഒട്ടിക്കൽ, മുദ്രാവാക്യം വിളിക്കൽ ഒക്കെ അങ്ങനെ തന്നെ. ആ  രീതിയില്ലുള്ള മീഡീയയുടെ ഏറ്റവും പുതിയ സാധ്യതയാണു സോഷ്യൽ മീഡിയ. അതുകൊണ്ടുതന്നെ ഞാൻ സോഷ്യൽ മീഡീയയെ പൂർണമായി സ്വാഗതംചെയ്യുന്നു. മറ്റു മാധ്യമങ്ങളിൽ ഇനിമുതൽ അപ്രസക്തമാണു എന്നല്ല, ഒരുപക്ഷേ അവയേക്കാളെല്ലാം ഇഫക്റ്റീവും ജനാധിപത്യപരവുമായ ഒന്നെന്ന നിലയിലാണു സോഷ്യൽ മീഡിയയെ നോക്കിക്കാണുന്നത്.

2. വലിയ സാമൂഹ്യമുന്നേറ്റങ്ങൾക്കും പൊതുവായ അഭിപ്രായ രൂപീകരണങ്ങൾക്കും സോഷ്യൽ മീഡിയ ഒരു പ്രതലമായി മാറുമ്പോൾ തന്നെ ഭരണകൂടങ്ങൾ സോഷ്യൽ മീഡീയയെ നിയന്ത്രിക്കാനുള്ള വ്യാപകമായ ശ്രമങ്ങളും നടത്തുന്നു. സോഷ്യൽ മീഡീയയ്ക്ക് മേലുള്ള നിയന്ത്രണങ്ങളെ എങ്ങനെ കാണുന്നു?

ഏതു മീഡിയയിലും റീസണബിൾ റസ്ട്രിക്ഷൻസ്‌ ആവാം. നമ്മുടെ ഭരണഘടനയിൽത്തന്നെ ആർട്ടിക്കിൾ 19 1 (എ)യിൽ ഫ്രീഡം ഓഫ്‌ സ്പീച്‌ ആൻഡ്‌ എക്ഷ്പ്രെഷൻ ഉണ്ട്. തൊട്ടടുത്ത അനുച്ഛേദത്തിൽ അതിനു കുറേ നിയന്ത്രണങ്ങളും ഉണ്ട്. ഒരു പത്രത്തിൽ അപകീർത്തികരമായ വാർത്ത വന്നാൽ പത്രാധിപർക്കെതിരെ കേസ് കൊടുക്കാം. എന്നാൽ അതേപോലെ സോഷ്യൽ മീഡിയയുടെ കാര്യത്തിൽ ലോകത്ത് എവിടെയോ ഇരിക്കുന്ന ഇന്റർന്നെറ്റ്‌ സർവ്വീസ്‌ പ്രൊവൈഡർക്കെതിരെയോ സൈറ്റ്‌ ഓണർക്കെതിരെയോ കേസ് കൊടുക്കാൻ എളുപ്പമല്ല. അപ്പോൾപ്പിന്നെ ആ മീഡീയയെ ദുരുപയോഗപ്പെടുത്തുന്ന യൂസർക്കെതിരെയേ നിയന്ത്രണങ്ങൾ ഫലപ്രദമാവുകയുള്ളൂ. മതസൗഹാർദ്ദം തകർക്കുന്ന കാര്യങ്ങൾ, രാജ്യദ്രോഹപരമായ പ്രവൃത്തികൾ അങ്ങനെയുള്ള ദുരുപയോഗങ്ങൾക്കെതിരെയെല്ലാം ജാഗ്രത വേണം. എന്നാൽ അങ്ങനെ നിയന്ത്രണത്തിനായുള്ള നിയമങ്ങൾ കൊണ്ടുവരുമ്പോൾ അത്തരം നിയമങ്ങളും ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട് എന്നതാണിതിന്റെ മറുവശം.

3. എന്നാൽ നിയന്ത്രണത്തിന്റെ മറവിൽ അധികാരദുർവിനിയോഗവും ജനാധിപത്യ ധ്വംസനവും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ വിലക്കും വരുന്ന സംഭവങ്ങൾ ധാരാളം. ബാൽ താക്കറേയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റിങ്ങിൽ പെൺ കുട്ടികൾക്കെതിരെ കേസ് വന്നതു തന്നെ ഉദാഹരണം

അമിതാധികാര പ്രയോഗങ്ങളെ ചെറുക്കുക തന്നെ വേണം. ബാൽ താക്കറെയുടെ വിഷയത്തിൽ ആ പെൺകുട്ടിക്കെതിരെ സൈബർ കുറ്റകൃത്യത്തിന്റെ പേരിൽ കേസെടുത്തത്‌ നിയമത്തിന്റെ ദുരുപയോഗം തന്നെയായിരുന്നു. എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ട്‌ ഭരണകൂടം തന്നെ കേസ്‌ പിന്വലിക്കാൻ നിർബന്ധിതരായത്‌ നാം കണ്ടല്ലോ. അത്തരം പ്രതിഷേധങ്ങളേയും ഉയർത്തുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്കാണു വഹിച്ചത്‌. അധികാരം പ്രയോഗിക്കാൻ അവസരം ലഭിക്കുമ്പോൾ, പ്രത്യേകിച്ചും അധികം മുന്നനുഭവങ്ങളില്ലാത്ത പുതിയ മേഖലകളിലാവുമ്പോൾ, അത്‌ അമിതാധികാരപ്രയോഗത്തിലേക്ക്‌ വഴിമാറാനുള്ള സാധ്യതയുണ്ട്‌. അങ്ങനെയുണ്ടാവുമ്പോൾ ഇടപെട്ട്‌ ഭരണകൂടങ്ങളെ റെക്റ്റിഫൈ ചെയ്യുക എന്ന ബാധ്യത ഏറ്റെടുക്കാൻ കഴിയുന്ന ശക്തമായ ഒരു പൗരസമൂഹം നമുക്കുണ്ടാവേണ്ടിയിരിക്കുന്നു.

4. സോഷ്യൽ മിഡീയ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ രാഷ്ട്രീയപ്രവർത്തകർക്കിടയിൽ യുവനിരയിൽ പോലുള്ളവർ പോലും വിമുഖരാണ്. ഉപയോഗിക്കുന്നവർ തന്നെ ഫാൻ പേജുകളുമായി ഒതുങ്ങികൂടുന്നു. ഈ മാധ്യമത്തെ ഒരു സംവാദവേദിയായി വികസിപ്പിക്കുന്നത് ബൽറാമിനെ പോലെ വിരലിലെണ്ണാവുന്നവർ മാത്രം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ഇന്ററാക്‌റ്റ് ചെയ്യുക എന്നത് ഒരു കോൺഫിഡൻസ്‌ ലെവൽ വേണ്ട കാര്യമാണു. ഏകപക്ഷീയമായി കുറച്ചു കാര്യങ്ങൾ പറയാൻ ആർക്കും പറ്റും. സംവാദമാവുമ്പോൾ  തിരിച്ചു പറയുന്ന കാര്യങ്ങൾക്ക് കൂടി മറുപടി നമ്മുടെ കയ്യിൽ ഉണ്ടാവണം. അതിനു സമയവും വേണം. രാഷ്ട്രീയപ്രവർത്തകരെ സംബന്ധിച്ച്‌ ഈ  സമയക്കുറവാണു ഏറ്റവും വലിയ പ്രശ്നം. പരമാവധി സമയം ഇത്തരം സംവാദങ്ങൾക്കായി ചെലവഴിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്‌. എന്നാലും എല്ലാ ത്രെഡും ഒരേപോലെ ഫോളോ ചെയ്യാനോ കമന്റുകൾക്കെല്ലാം മറുപടി പറയാനോ പറ്റാറില്ല. വായിച്ചുനോക്കി മറുപടി പറയേണ്ടത്‌ അത്യാവശ്യമാണെന്ന് തോന്നുകയാണെങ്കിൽ മാത്രമേ ഞാനതിനു മെനക്കെടാറുള്ളൂ. ചിലപ്പോൾ പലരുടേയും ചോദ്യങ്ങൾക്ക്‌ ഒന്നിച്ച്‌ ഒരു മറുപടി പുതിയ പോസ്റ്റ് ആയി ഇടാറുമുണ്ട്.


5.അസംഘടിത ഭൂരിപക്ഷത്തിന്റെ അപ്രകാശിത ശബ്ദമാണ് സോഷ്യൽ മീഡീയയിൽ ആവിഷ്കരിക്കുന്നത്. എന്നാൽ ഈയിടെ കണ്ടുവരുന്ന പ്രവണത സംഘടിത ശക്തികൾ ഈ സംവാദത്തിൽ ആസൂത്രിതമായി ഇടപെടുകയും സൈബർ ആക്രമണങ്ങളുടെ സ്വഭാവത്തിൽ തന്നെ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുകയും സംവാദങ്ങൾ ഹൈജാക്ക് ചെയ്യുകയും ചെയ്യുക എന്നതാണ്. സോഷ്യൽ മീഡീയ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമല്ലേ ഇത്?

ശരിയാണ്. സൈബർ അറ്റാക്ക് എന്ന തലത്തിലേക്ക് വരുന്നുണ്ട് ഇത്തരം സംഘടിതമായ ഇടപെടലുകൾ . എനിക്ക്‌ തോന്നുന്നത്‌ ഏറ്റവും കൂടുതൽ സൈബർ മേഖലയിൽ പ്രസൻസ്  ഉള്ളത്‌ ഫണ്ടമെന്റലിസ്റ്റുകൾക്കാണെന്നാണു. സംഘപരിവാറും വിവിധ ഇസ്ലാമിസ്റ്റ്‌ ഗ്രൂപ്പുകളുമൊക്കെ ഈ രംഗം അടക്കിവാഴുകയാണു. പൊളിറ്റിക്കൽ ഫണ്ടമെന്റലിസ്റ്റുകളായ കമ്യുണിസ്റ്റുകാരും ഇപ്പോൾ ശക്തമായി കടന്നുവന്നിട്ടുണ്ട്. അവരവർക്ക്‌ പ്രിയപ്പെട്ടതല്ലാത്ത അഭിപ്രായം ആരെങ്കിലും  പറയുമ്പൊൾ ചാടിവീണ് അറ്റാക്ക് ചെയ്യുക, നിലനിൽക്കുന്ന പൊതുബോധത്തിൽ നിന്ന് വ്യത്യസ്തമായിട്ടൊരു അഭിപ്രായം വന്നാൽ പറയുന്ന ആളെ താറടിച്ച് ഭാവിയിലങ്ങനെയൊരഭിപ്രായം പറയാത്ത  ലെവലിലേക്ക്  സൈലൻസ് ചെയ്യുക   അങ്ങനെ ജനാധിപത്യവിരുദ്ധമായ പല പ്രവണതകളും സോഷ്യൽ മീഡീയയിൽ സാധാരണമാണു.
ജനാധിപത്യവിരുദ്ധമായ പല പ്രവണതകളും സോഷ്യൽ മീഡീയയിൽ സാധാരണമാണു
നമ്മുടെ സൊസൈറ്റിയിൽത്തന്നെ അത്തരത്തിൽ ഡിസന്റ്  ഉൾക്കൊള്ളാൻ കഴിയാത്ത ജനാധിപത്യ വിരുദ്ധ പ്രവണതയും സങ്കുചിതത്വവും വളർന്നു വരുന്നതുകൊണ്ട് അതിന്റെ ഒരു പരിഛേദം എന്നർഥത്തിലാണ്  സോഷ്യൽ മീഡിയയിലും അത് വരുന്നത്. ആ മീഡിയയ്ക്ക് മാത്രമായി അതിൽ നിന്ന് വിമുക്‌തി ഇല്ല. സോഷ്യൽ മീഡീയായിലെ ഓരോ കമന്റും സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്ന് പഠിക്കാനുള്ള ഒരവസരമായാണ് ഞാൻ കാണുന്നത്.
6. അറുപതുകൾക്ക് ശേഷം കേരള രാഷ്ടീയത്തിന്റെയും സമൂഹത്തിന്റെയും ദിശാബോധം നിർണ്ണയിച്ചത് മധ്യവർഗമാണ്. മധ്യവർഗതാല്പര്യങ്ങളാണ്നമ്മുടെ പൊതു കാഴ്ചപ്പാടുകളായി മാറുന്നത്. ഈ സോഷ്യൽ മീഡിയയും സമൂഹത്തിന്റെ ക്രോസ് സെക്ഷൻ എന്നതിലുപരി മധ്യവർഗം പ്രബലമായ ഒരു പ്രതലമായാണു കാണുന്നത്. പാർശ്വവൽകൃതർ ഇവിടെയുമില്ലേ
 
പുതിയ ഇൻവെസ്റ്റ്മെന്റ്  വേണ്ട ടെക്നോളജി ബെയ്സ്ഡ് ആയ മാധ്യമമാണ് ഇത്. സ്വാഭാവികമായിട്ടും അതിന്റെ  ആദ്യ റീച്ച്  മധ്യവർഗ്ഗത്തിലേക്കായിരിക്കും. പക്ഷെ നമ്മുടെ മധ്യവർഗം എന്ന് പറയുന്നത് ഒരു ചെറിയ സൈസല്ല. അതിവേഗം അത്‌ വളരുകയും ചെയ്യുന്നു. ഇലക്ഷൻ റിസൾറ്റിനെത്തന്നെ സ്വാധീനിക്കാൻ പറ്റുന്നതും എല്ല നയ രൂപീകരണങ്ങളെയും നിയന്ത്രിക്കാൻ ശക്തിയുള്ളതുമായ ഒരു മധ്യവർഗമാണിവിടെ വളർന്നുവരുന്നത്‌. രാഷ്ട്രീയത്തിലേക്കുള്ള ഇവയുടെ ഇടപെടൽ ശൈശവദശയിലാണ് എന്ന് ഞാൻ പറയും. അറബ് വസന്തം വന്നു. നമ്മുടെ നാട്ടിൽ ഹസാരെ മൂവ്മെന്റ്‌ പോലുള്ള ചില കാര്യങ്ങൾ വന്നു. രാഷ്ട്രീയവും സോഷ്യൽ മീഡിയയും തമ്മിൽ ഒരു കണക്ഷൻ ഉണ്ടാവാൻ സാധിക്കും എന്ന ചിന്ത വന്നിട്ട്  തന്നെ അധികമായില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും മധ്യവർഗ നിലപാടുകൾ ഈ ഘട്ടത്തിൽ അത്തരം ഇടപെടലുകളിൽ പ്രതിഫലിക്കും. പക്ഷേ ഭാവിയിൽ അത് ശരിയായ അർത്ഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു സോഷ്യൽ മീഡിയ തന്നെ ആവുന്ന ഘട്ടത്തിൽ സമൂഹത്തിന്റെ പൊതുവികാരങ്ങൾ അവയുടെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
7. ബൽറാമൊക്കെ ഇപ്പോൾ ഉൾപ്പെടുന്ന  രാഷ്ട്രീയ അന്തരീക്ഷം കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ വളരെ പോളറൈസ്ഡ്  ആണല്ലോ. സാമ്പ്രദായികമായ മുന്നണി രാഷ്ട്രീയത്തിനപ്പുറം പോകാൻ കേരളത്തിനിനിയും കഴിഞ്ഞിട്ടില്ല. എന്നാൽ സോഷ്യൽ മീഡീയ വഴിയൊക്കെ ചില പൊതു സംവാദങ്ങൾ സാധ്യമാവുകയും ഇഷ്യു ബെയ്സ്ഡ് ആയി പുതിയ ചില പോളറൈസേഷനുകൾ അഥവാ കക്ഷിരാഷ്ട്രീയത്തിനപ്പുറം ചില പൊതു താല്പര്യങ്ങൾ പ്രയോഗത്തിൽ വരികയും ചെയ്തു തുടങ്ങിയിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് തർക്കം, ജാതി സംഘടനകളുടെ രാഷ്ട്രീയ ഇടപെടലുകൾ ഹരിത രാഷ്ട്രീയം ഹിന്ദു എം എൽ എ തുടങ്ങി ബൽറാം തന്നെ ചില സോഷ്യൽ ഇഷ്യൂസ് ഉയർത്തുകയും  രാഷ്ട്രീയാതീതമായി  വലിയ സ്വീകാര്യത ഉണ്ടാക്കുകയും ചെയ്തു.    അത് ചില ക്രോസ്സ് പ്ലാറ്റ് ഫോമുകളെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് വരെ എത്തുന്നു. ഇതിനെ ഏത് തരത്തിലാണു ലിങ്ക് ചെയ്യുന്നത്?

ഇതൊരു തുടക്കമാണ്. നമ്മുടെ ഒക്കെ ഒരു ആസ്പിറേഷനും അതുതന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി ചില പൊതുവിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സമാനകാഴ്ചപ്പാടുകളുവർ അത്‌ പരസ്പരം പങ്കുവെക്കുക എന്നതിൽ ഒരു തെറ്റുമില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്‌ അനിവാര്യമായി മാറുകയും ചെയ്യുന്നുണ്ട്‌. ഓരോ വിഷയത്തെയും അതിന്റെ മെരിറ്റിൽ സമീപിക്കാൻ കഴിയുക എന്നതാണ് ഒരു എൻലൈറ്റന്റ്  സിവിൽ സമൂഹത്തിന്റെ ലക്ഷണം. അങ്ങനെയുള്ള ഒരു സിവിൽ സൊസൈറ്റി കേരളത്തിൽ രൂപപ്പെട്ട് വരികയാണ്.  ഈ ദിശയിലുള്ള ചില എളിയ പരിശ്രമങ്ങളുണ്ടായപ്പോൾ അത്‌ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട അനുഭവമാണു വ്യക്തിപരമായി എനിക്കുമുള്ളത്‌. കർണ്ണാടകയിലെ മടെ സ്നാന എന്ന അനാചാരവുമായി ബന്ധപ്പെട്ട്‌ സി.പി.എം നേതാവ്‌ ശ്രീ. എം എ ബേബിയ്ക്കെതിരെ പോലീസ്‌ അകാരണമായി കേസെടുക്കാൻ തുനിഞ്ഞപ്പോൾ അതിനെതിരെ ഫേസ്ബുക്കിലൂടെയെങ്കിലും പിന്തുണ നൽകാനാണെനിക്ക്‌ തോന്നിയത്‌. ഞാൻ പോലും പ്രതീക്ഷിക്കാത്ത അനുകൂല റെസ്പോൺസ്‌ ആയിരുന്നു അതിനു എല്ലാവരുടേയും ഭാഗത്തുനിന്നുണ്ടായത്‌. ഹരിത രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിലായാലും ദേവസ്വം തെരഞ്ഞെടുപ്പ്‌ വിഷയത്തിലായാലും പെൺകുട്ടികളുടെ വിവാഹപ്രായവിഷയത്തിലായാലും ഫണ്ടമെന്റലിസ്റ്റ്‌ ഗ്രൂപ്പുകളുടെതല്ലാത്ത മറ്റ്‌ എല്ലാവരുടേയും പിന്തുണ സൊഷ്യൽ മീഡിയയിൽ കിട്ടിയിട്ടുണ്ട്‌. ഇത്തരത്തിലുള്ള കോമൺ പ്ലാറ്റ്ഫോം മെല്ലെ എമർജ്ജ്‌ ചെയ്യപ്പെടുന്നത്‌ സ്വാഗതാർഹമാണു.

8. വനിത സംവരണബില്ലിൽ സുഷമസ്വരാജും വൃന്ദാ കാരാട്ടും കൈകോർക്കുന്നത് നമ്മൾ കണ്ടു. പക്ഷേ കേരളത്തിൽ മുന്നണിരാഷ്ട്രീയത്തിനപ്പുറമുള്ള ഇത്തരം മൂവുകൾക്ക് ഒരു ബ്ലോക്ക് കാണുന്നുണ്ട്.

അതെ എനിക്കതു ഫീൽചെയ്തതാണ്. അതിനെ മറികടക്കുക എന്നതാണ് കേരളത്തിലുണ്ടാവേണ്ടത്.  അടിസ്ഥാന നിലപാടുകൾ വേറെയാവാം. പക്ഷേ എല്ല ഇഷ്യൂകളിലും നമ്മൾ രണ്ട് എക്സ്ട്രീമിൽ നിൽക്കണം എന്ന കാഴ്ചപാട് തന്നെ അരാഷ്ട്രീയം ആണ്. മുന്നണികൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുന്നു എന്നൊക്കെ ഒരു നെഗറ്റീവ് അർത്ഥത്തിലാണ് പലരും പറയുന്നത്. രാഷ്ട്രീയത്തേയും സമൂഹത്തേയും വികസനത്തേയുമൊക്കെ കുറിച്ചുള്ള ബേസിക്‌ കാഴ്ചപാടുകൾ  വ്യത്യസ്തമാകാം. പക്ഷേ എല്ലാ ഇഷ്യൂസിലും അങ്ങനെ വേണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമുണ്ടോ? യോജിക്കാവുന്ന കാര്യങ്ങളിലൊക്കെ ആ അർത്ഥതിൽ കോമൺ പ്ലാറ്റ്ഫോമുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ ഇന്ന് സംഭവിക്കുന്നതെന്താണ്?  പലപ്പോഴും മൂലധന താല്പര്യക്കാർക്ക് വേണ്ടി മാത്രമാണു ഇത്തരം സമവായങ്ങൾ ഉണ്ടാകുന്നത്. ആറന്മുള പദ്ധതിയുടെ കാര്യത്തിലും അതിരപ്പള്ളിയുടെ കാര്യത്തിലും ബോൾഗാട്ടി വിഷയത്തിലുമൊക്കെ മിക്കവാറും എല്ലാ പാർട്ടികൾക്കും അവയ്ക്കകത്തെ എല്ലാ ഗ്രൂപ്പുകൾക്കും ഒരേ അഭിപ്രായമാണ്. 
സ്ഥാപിത താല്പര്യക്കാർക്കു വേണ്ടിയുണ്ടാവുന്ന ഈ  കോമൺ പ്ലാറ്റ്ഫോമുകൾ ജനതാത്പര്യത്തിനായുള്ളവയായി മാറണം.
ഞങ്ങൾ ഹരിതരാഷ്ട്രീയത്തിലും ചെയ്യാൻ ശ്രമിക്കുന്നത്‌ അതാണ് . ലോബിയിങ് നടത്തുക തന്നെയാണ് ഞങ്ങൾ ചെയ്യുന്നത് . ലോബിയിങ്ങ് എന്ന വാക്ക്‌ പൊതുവേ നെഗറ്റീവ്  അർത്ഥത്തിൽ മാത്രമാണു ഉപയോഗിക്കാറുള്ളത്‌. എന്നാൽ പോസിറ്റീവ് ലോബിയിങും സാധ്യമാണ്. പരിസ്ഥിതിക്കു വേണ്ടിയുള്ള പോസിറ്റീവ്‌ ലോബിയിങ്ങ് ആണു നമുക്ക്‌ വേണ്ടത്‌. ഗാഡ്ഗിൽ റിപ്പോർട്ട്‌ നിയമസഭയിൽ ചർച്ചക്ക്‌ വന്നപ്പോൾ പരിമിതമായ തോതിലാണെങ്കിലും ഈ ശ്രമം വിജയകരമായിരുന്നു എന്നതാണനുഭവം. 
 
8. ഹരിത രാഷ്ട്രീയത്തിനായുള്ള ലോബിയിങ്ങ്  എന്ന് പറയുമ്പോൾ ഇതിനു മറ്റൊരു വ്യാഖ്യാനവും ഉണ്ട്. നമുക്കറിയാം കോൺഗ്രസ്സ് എല്ലാ കാലത്തും ഗ്രൂപ്പുകളായാണ് നിലനിന്നിട്ടുള്ളത്. അതിന്റെ ബലതന്ത്രം തന്നെ അതാണ്. ഹരിത രാഷ്ട്രീയം എന്ന പേരിൽ ഒരു പ്രഷർ ഗ്രൂപ്പ് ബിൽഡ് അപ്പ് ചെയ്ത് പുതിയ ഒരു കോൺഗ്രസ്സ് ഗ്രൂപ്പിന്റെ സാധ്യത തുറക്കുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുകയാണ് ബൽറാമും കൂട്ടരും എന്നാണ് ആക്ഷേപം.
 
ഹരിതരാഷ്ട്രീയമെന്നത്‌ കോൺഗ്രസ്സിനകത്ത്‌ മാത്രം നിൽക്കേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. നമ്മുടെ രാഷ്ട്രീയസമൂഹം മുഴുവനായിത്തന്നെ അത്തരം ആശയങ്ങൾ ഏറ്റെടുക്കണമെന്നാണു നാമാഗ്രഹിക്കുന്നത്‌. അതുകൊണ്ടുതന്നെ കോൺഗ്രസ്സിന്റെ ആഭ്യന്തര രാഷ്ട്രീയവുമായി ഇതിനെ കൂട്ടിക്കെട്ടാനുള്ള ശ്രമം ശരിയല്ല. ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ ഉയർന്നുവരരുതെന്ന് ആഗ്രഹിക്കുന്നവരുടെ മാത്രം വാദമാണത്. ഹരിതരാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ്സിനകത്ത്‌ ഒരു പുതിയ ഗ്രൂപ്പിനൊന്നും ഞങ്ങൾ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാൽ വ്യക്ത്യധിഷ്ഠിതമായ ഗ്രൂപ്പുകൾക്കുപകരം ആശയാധിഷ്ഠിതമായ കൂട്ടായ്മകൾ ഉണ്ടാവുകയാണെങ്കിൽ അതിൽ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. ഞങ്ങളൊരു പുതിയ രാഷ്ട്രീയം ഉയർത്തുകയും ആ രാഷ്ട്രീയം പതിയെ പതിയെ കോൺഗ്രസ്സിന്റെ ഇന്റേണൽ സ്ട്രക്ചറിൽ സ്വാധീനം ചെലുത്തുകയും ആ സ്വാധീനം വർധിച്ച് അത്തരം ആശയങ്ങൾ പാർട്ടിയുടെ ഔദ്യോഗികനയങ്ങളായി മാറുകയും ചെയ്യുക എന്നത്  തീർച്ചയായും പോസിറ്റീവ് ആണ്. പരിമിതികളോടെയാണെങ്കിലും ലീഗിൽ അത് സംഭവിച്ചു.  ഫസ്‌ റ്റ്‌ സ്റ്റെപ്പ്‌ എന്ന നിലയിൽ അതിനെ മുൻവിധികളില്ലാതെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അതുപോലെ കോൺഗ്രസ്സിന്റെ മൊത്തം രാഷ്ട്രീയമായി ഹരിതരാഷ്ട്രീയത്തെ  മാറ്റാൻ ഞങ്ങൾക്ക് സാധിച്ചാൽ അത് വലിയൊരു പോസിറ്റീവ്‌ ഇഫക്റ്റ്‌ ആണ്. അധികാര ബലാബലരാഷ്ട്രീയത്തിൽ കോൺഗ്രസ്സ് ഒരു വലിയ ശക്തിയായി നിലനിൽക്കുന്നിടത്തോളം കാലം ഒരു പാർട്ടിയെങ്കിലും ഹരിത പാർട്ടിയായാൽ നമ്മുടെ മൊത്തം പോളിറ്റിയിൽ അത് ഗുണപരമായ സ്വാധീനം ചെലുത്തും.
 
9. ഗ്രീൻ പൊളിറ്റിക്സ് ഉന്നയിക്കുമ്പോൾ തന്നെ വികസനവാദികളായി തന്നെയാണു കോൺഗ്രസ്സ് പ്രത്യക്ഷപ്പെടുന്നത്.പരിസ്ഥിതിയുടെ കാര്യത്തിലുള്ള ജാഗ്രത കാണുന്നില്ല. അതിരിപ്പിള്ളി ഇഷ്യുവിലായാലും ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിലായാലും  നിങ്ങളുടെ ഇത്തരം ഇടപെടലുകൾ ഗുണപ്രദമായ നിലപാടുമാറ്റങ്ങളിലേക്ക് വഴി തുറക്കുന്നില്ല
 
അങ്ങനെ പറയാൻ പറ്റില്ലല്ലോ. ഇതൊരു തുടക്കമാണ്. വളരെ പരിമിതമായൊരു സാഹചര്യത്തിൽ നിന്നു തുടങ്ങിയതാണെന്ന ബോധ്യം എല്ലാവരുടെയും മനസ്സിലുണ്ട്. ഹരിത രാഷ്ട്രീയം എന്നത്‌ പുതിയ ആശയമൊന്നുമല്ല. എന്നാൽ ഇന്നത്തെ രീതിയിൽ ഞങ്ങൾ ചില ജനപ്രതിനിധികൾ ഇത്തരമൊരു മൂവ്‌മെന്റിനു തുടക്കം കുറിച്ചിട്ട്‌ ഏതാണ്ട്‌ ഒരു വർഷമേ ആയിട്ടുള്ളൂ. എന്നാൽ ഒരു വർഷത്തിൽത്തന്നെ പോളിസി മാറ്റേഴ്സിൽ നിർണായകമായ വിജയങ്ങൾ നേടാൻ നമുക്കു സാധിച്ചിട്ടുണ്ട്. നെല്ലിയാമ്പതി ഇഷ്യുവിൽ നമ്മൾ ഇടപെട്ടതിനു ശേഷം അതുവരെ ആ വിഷയത്തെ ഗവണ്മെന്റ്‌ കൈകാര്യം ചെയ്തിരുന്ന സമീപനരീതിതന്നെ മാറ്റാൻ സാധിച്ചു. അതിനു ശേഷം എമെർജ്ജിംഗ്‌ കേരള വന്നു. സി.പി.എമ്മിനെ  പോലെ പരിപാടി പൊളിക്കണം എന്ന അജണ്ടയോടുകൂടിയല്ല ഞങ്ങൾ ഇടപെട്ടത്, മറിച്ച്‌ കൺസ്ട്രക്റ്റീവ്‌ ആയിട്ടുള്ള വിമർശനങ്ങളാണുയർത്തിയത്‌. സർക്കാർ അതിനോട് പോസിറ്റീവ്‌ ആയി പ്രതികരിക്കുകയും ചെയ്തു. പദ്ധതികൾ പൊതുവിൽ റീ കൺസിഡർ ചെയ്യാൻ തയ്യാറായി. തൊട്ടടുത്ത ദിവസം തന്നെ ഏകദേശം 50 ഓളം പ്രോജക്റ്റുകൾ മാറ്റി നിർത്തി. ബാക്കിയുള്ള പദ്ധതികളും കുറേക്കൂടി എന്വയോണ്മെന്റൽ വിജിലൻസോടുകൂടിയേ കൈകാര്യം ചെയ്യുകയുള്ളൂവെന്ന അവസ്ഥ വന്നു. അല്ലെങ്കിൽ ഇപ്പോൽ സോളാർ വിഷയവുമായി ബന്ധപ്പെട്ടുയർന്നതുപോലെ പല വിവാദങ്ങളും അതുമായി ബന്ധപ്പെട്ടും ഉയരുമായിരുന്നു. അതുപോലെ ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച്‌ നിയമസഭയിൽ ചർച്ചകൾ ഉയർന്നപ്പോൾ റിപ്പോർട്ട്‌ പൂർണമായി തള്ളിക്കളയണം എന്ന പ്രമേയമണ് ആദ്യം അവതരിപ്പിക്കാനിരുന്നത്. ആ ഘട്ടത്തിൽ ഞങ്ങൾക്ക്‌ പാർലമെന്ററി പാർട്ടിയിലും യു ഡി എഫിലും ഇടപെടാൻ കഴിഞ്ഞതിന്റെ കൂടി അടിസ്ഥാനത്തിലാണു ഗാഡ്ഗിൽ റിപ്പോർട്ടിന്റെ നല്ല വശങ്ങൾ കൂടി ആക്സെപ്റ്റ് ചെയ്തുകൊണ്ടുള്ള ഏതാണ്ട്‌ ബാലൻസ്ഡ് ആയ ഒരു പ്രമേയം നിയമസഭയിൽ പാസാവുന്ന സാഹചര്യം സൃഷ്ടിച്ചത്‌. അതിനുശേഷം പുഴകളുടെ സംരക്ഷണം എന്ന പ്രധാനപെട്ട വിഷയം ഞങ്ങൾ ഉയർത്തികൊണ്ടുവന്നതാണ്. അതുമായി ബന്ധപെട്ട നിയമനിർമാണത്തിനു പോകാൻ ഗവണ്മെന്റ് തയ്യാറെടുക്കുകയാണ്. അതുപോലെ വാട്ടർ റഗുലേറ്ററി അതോറിറ്റി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതാണ്. ഞങ്ങൾ കൂടി ഇടപെട്ടാണ് അതു ഇപ്പോഴത്തെ രൂപത്തിൽ പാസാക്കേണ്ടതില്ലെന്നും വീണ്ടും പൊതുജനാഭിപ്രായത്തിനായി അയക്കണമെന്നും തീരുമാനിച്ചത്. അങ്ങനെ ഒരു വർഷത്തിനകം തന്നെ ഏതാണ്ട്  ആറോ  ഏഴോ വിഷയങ്ങളിൽ നിർണായകമായി ഇടപെടാൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്.


നേരത്തെ സൂചിപ്പിച്ചപോലെ ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ കോമൺ പ്ലാറ്റ്ഫോമുകൾ ഉണ്ടാവണമെന്നാണു നാമാഗ്രഹിക്കുന്നത്‌. എന്നാൽ അതുണ്ടാവാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ചില ആളുകളുടെ അമിതമായ ശുദ്ധിവാദം ആണ്. നിലനിൽക്കുന്ന സാഹചര്യം മനസ്സിലാക്കി പരിമിതമെങ്കിലും ആത്മാർത്ഥമായുള്ള ഇടപെടലാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. അല്ലാതെ ലോകത്തെ മുഴുവൻ വ്യവസ്ഥിതിയും മാറണം, ഇതു മുഴുവൻ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിലെക്ക് വന്നാൽ മാത്രമേ പരിസ്ഥിതിയെക്കുറിച്ച് പറയുന്നതിൽ അർത്ഥമുള്ളൂ എന്നൊക്കെ പറയുമ്പോഴാണ് അത്‌ അപ്രായോഗികമാകുന്നത്‌. വിശാലാർത്ഥത്തിൽ ഇത്തരം ഇടപെടലുകൾ ഭാവിയിൽ പ്രത്യശാസ്ത്രപരമായും പ്രയോഗപരമായും സാമ്രാജ്യത്ത്വ വിരുദ്ധപോരാട്ടങ്ങളോട്‌ ഐക്യപ്പെടുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. എന്നാൽ അതിന്റെ പേരിൽ ഇപ്പോൾ നടത്തേണ്ട വിജയസാധ്യതയുള്ള ഇടപെടലുകൾ മാറ്റി വെക്കേണ്ട കാര്യമില്ല. അല്ലെങ്കിലും പരമ്പരാഗത സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്‌ ഒരു മേന്മയും ചരിത്രപരമായി അവകാശപ്പെടാൻ ഇല്ല. ഏറ്റവും കൂടുതൽ പരിസ്ഥിതി നാശം നടന്നത് സൊവിയറ്റ്‌ യൂണിയൻ പോലുള്ള രാജ്യങ്ങളിലാണ് എന്നത് നമുക്കറിയാമല്ലോ. പല രാഷ്ട്രീയ പാർട്ടികളും അവകാശപ്പെടുന്നത് ഇന്നത്തെ പരിസ്ഥിതിപ്രശ്നങ്ങൾ മുഴുവൻ  ഈ വ്യവസ്ഥിതിയുടെ കുഴപ്പമാണു എന്നാണ്. അത് ശരിയാണെന്നംഗീകരിക്കുമ്പോൾ തന്നെ ഒരുതരം ഒഴിഞ്ഞുമാറൽ കൂടിയാണു. അതുകൊണ്ടാണ് ഞാൻ ഒരു ഇന്റർവ്യൂവിൽ 'ഞങ്ങൾ അത്ര പച്ചയല്ല' എന്ന് പറഞ്ഞത്. നമുക്കിതിനെ പരിസ്ഥിതി തീവ്രവാദത്തിന്റെ വശത്തിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. വി ആർ ആൾ ഫോർ ഡവലപ്‌മന്റ്‌. രാജ്യത്തിനു സാമ്പത്തിക വളർച്ച വേണം. എന്നാൽ ആ വളർച്ച സസ്റ്റെയിനബിൾ ആവണം, അതോടൊപ്പം അത്‌ എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുമായിരിക്കണം.

ഓരോ പദ്ധതിയേക്കുറിച്ച്‌ ചിന്തിക്കുമ്പോഴും അതിന്റെ ഗുണവും ദോഷവും വെച്ചുകൊണ്ടാണ് വിലയിരുത്തണ്ടത്. നമുക്കിക്കാര്യത്തിലുള്ളത്‌ വളരെ പോയറ്റിക്‌ ആയിട്ടുള്ള അഭിപ്രായമല്ല. കവികൾ പ്രകൃതിയെക്കുറിച്ച് പറയുമ്പോലെ വൈകാരികമായിട്ടല്ല രാഷ്ട്രീയക്കാരൻ കാണുന്നത്, വസ്തുനിഷ്ഠമായിട്ടാണ്. ഓരോ പദ്ധതിക്കും എന്വയോന്മെന്റൽ ഇമ്പാക്റ്റ് സ്റ്റഡി നടത്തണം. കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് ചെയ്യണം. ഇപ്പോഴതൊന്നും ഇല്ല എന്നല്ല.  പക്ഷെ അത് റിയലിസ്റ്റിക്‌  ആയി നടത്തണം. കൊസ്റ്റ്‌ സൈഡ്‌ നെ കുറച്ചു കാണിച്ച് ബെനെഫിറ്റ്‌ സൈഡ്‌ നെ വല്ലതെ എക്ഷഗ്ഗെരേറ്റ്‌ ചെയ്ത് കാണിച്ച് അല്ല. എന്വിരൊന്മെന്റൽ കൊസ്റ്റ്‌, സൊഷ്യൽ കൊസ്റ്റ്‌, ഒക്കെ പരിഗണിച്ച്  റിയലിസ്റ്റിക്ക്  ആയിട്ടാണ് ഓരോ പദ്ധതിയെയും സമീപിക്കേണ്ടത്.

എല്ലാ പാർട്ടിയും പറയുന്നത് ഞങ്ങൾ ഗ്രീൻ ആണെന്നാണ്. പ്രത്യശാസ്ത്രപരമായി അതൊക്കെ ശരിയുമായിരിക്കാം. ഞങ്ങൾ കോൺഗ്രസ്സുകാർ പറയും മഹാത്മാഗാന്ധിയിൽ നിന്നാണ് പരിസ്ഥിതിയുടെ രാഷ്ട്രീയം തുടങ്ങുന്നത്, ഇന്ദിരാഗാന്ധിയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പല പരിസ്ഥിതിസംരക്ഷണ നിയമങ്ങളും കൊണ്ടുവന്നത്‌, രാജീവ് ഗാന്ധി അത്‌ മുന്നോട്ടുകൊണ്ടുപോയി എന്നൊക്കെ. കോൺഗ്രസ്സിനു അങ്ങനെയൊരു ലെഗസി ഉണ്ട്. മറുഭാഗത്ത്‌ സി.പി.എം. പറയുന്നു ഏംഗൽസാണ് ആദ്യമായി ഇത്  പറഞ്ഞത് എന്ന്. ലീഗ് പറയുന്നു ഇതു മുഴുവൻ ഖുറാനിലുണ്ട് എന്ന്. അങ്ങനെ ഒരോരുത്തർക്കും സ്വീകരിക്കാവുന്ന മാതൃകകൾ നമുക്ക്‌ ചുറ്റിലുമുണ്ട്‌. ഒരുപക്ഷേ വ്യക്തികൾ എന്ന നിലയിൽ കോൺഗ്രസ്സിനു അകത്തുള്ള നമ്മളെക്കാൾ എത്രയോ വലിയ പരിസ്ഥിതിവാദികൾ സി പി എമ്മിൽ ഉണ്ട്. പക്ഷെ അവർക്കൊന്നും അവരുടെ പാർട്ടിയുടെ പോളിസിയെ സ്വാധീനിക്കാൻ പറ്റുന്ന തരത്തിൽ അത്തരം വിഷയങ്ങൾ ഉചിതമായ സമയത്ത്‌ ഉയർത്താൻ പറ്റിയിട്ടില്ല, ഇനി പറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ആ പരിമിതിയുടെ കാരണം അത്തരം പാർട്ടികളുടെ സംഘടനാ സ്വഭാവമാണ്. ഡമോക്രാറ്റിക്‌ സെന്റ്രലിസം എന്ന കാലഹരണപ്പെട്ടതും യഥാർത്ഥ ജനാധിപത്യ ആശയങ്ങൾക്ക്‌ വിരുദ്ധവുമായ സംഘടനാസ്വഭാവം തന്നെ ഇത്തരത്തിൽ ഡിസന്റിനെ ഉൾക്കൊള്ളാൻ കഴിയാത്തതാണ്. അവിടെയാണ് കുറേക്കൂടി തുറന്നതും അയഞ്ഞതുമായ സംഘടനാരീതികൾ നിലനിർത്തുന്ന കോൺഗ്രസ്സിന് ഒരു വലിയ സാധ്യതയുള്ളത്.
 

10. കോൺഗ്രസ്സിനകത്തുമാത്രം സാധ്യമായ ഒരു സ്പെയ്സ് ആണ് ഈ വിയോജിപ്പുകളുടേത് എന്നു പറയുമ്പോൾ തന്നെ മറ്റൊരു പ്രശ്നമുണ്ട്. ശരിയാണ് ഇൻഡ്യക്ക് ഒരു ജനാധിപത്യഭരണത്തിന്റെ മോഡൽ പ്രദാനം ചെയ്തത് കോൺഗ്രസ്സാണ്.  ഇത്തരം ഒരു ഭരണക്രമം ഇൻഡ്യയിൽ സാധ്യമാണ് എന്ന വിശ്വാസം ഇൻഡ്യൻ ജനതയ്ക്ക് നൽകിയത് കോൺഗ്രസ്സ് അതിനകത്തു തന്നെ നിലനിർത്തിയ ജനാധിപത്യസമ്പ്രദായം കൊണ്ടാണ്. പക്ഷേ സ്വന്തം സംഘടനയ്ക്കകത്ത് നടന്നുവന്നിരുന്ന ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പിനെ അത് അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. പല തവണ. കമ്യുണിസ്റ്റ് പാർട്ടികളിലാകട്റ്റെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകൾ കൃത്യമായി നടക്കുകയും ചെയ്യുന്നു. ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത സംഘടനാതിരഞ്ഞെടുപ്പ് നടത്താത്ത കോങ്രസ്സിനെങ്ങനെ ജനാധിപത്യത്തെ കുറിച്ച് പറയാനാവും എന്നതാണൂ ചോദ്യം.

ജനാധിപത്യം എന്നു പറയുന്നത് തിരഞ്ഞെടുപ്പ്‌ മാത്രമാണെന്നത്‌ ഒരു വലിയ അളവുവരെ തെറ്റിദ്ധാരണയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്ന് അംഗീകരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവിടെ നടക്കുന്നതെന്താണു? ഔദ്യോഗിക നേതൃത്വം ഒരു പാനൽ അവതരിപ്പിക്കുന്നു. പ്രതിനിധികൾക്ക് അതു കൈയ്യടിച്ച് പാസാക്കാനുള്ള അവകാശമുണ്ടെന്നല്ലാതെ അതിനെതിരെ മത്സരിക്കാൻ പോലുമുള്ള അവസരമില്ല, ഭരണഘടനയിലുണ്ടെങ്കിലും. പാനലിനെതിരെ മത്സരിച്ച് ആരെങ്കിലും ജയിച്ചാൽത്തന്നെ ജയിച്ച ആളെ വിഭാഗീയതയുടെ പേരുപറഞ്ഞ് പുറത്താക്കുന്ന ധാരാളം സംഭവങ്ങൾ നാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നതുകൊണ്ട് ജനാധിപത്യ സംഘടനയാവണമെന്നില്ല, നടക്കുന്നില്ല എന്ന പേരിൽ ജനാധിപത്യമില്ലാതാവുന്നുമില്ല.
തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നതുകൊണ്ട് ജനാധിപത്യ സംഘടനയാവണമെന്നില്ല, നടക്കുന്നില്ല എന്ന പേരിൽ ജനാധിപത്യമില്ലാതാവുന്നുമില്ല.
എന്നിരുന്നാലും സമയാസമയത്ത്‌ സംഘടനാതെരഞ്ഞെടുപ്പ്‌ നടത്താൻ കഴിയുന്ന സാഹചര്യം കോൺഗ്രസ്സിൽ ഉണ്ടാവണമെന്ന് തന്നെയാണു ഞാനാഗ്രഹിക്കുന്നത്‌. പോഷകസംഘടനകളായ കെ.എസ്‌.യുവിലും യൂത്ത്‌ കോൺഗ്രസ്സിലും ഇപ്പോൾ ചിട്ടയായ സംഘടനാതെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌. ഈ മാതൃക കോൺഗ്രസ്സിലേക്കും അധികം വൈകാതെ വ്യാപിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശ്രദ്ധിക്കേണ്ട ഒരു പ്രത്യേകത ഒരാളേയും പുറത്ത് കളയാതെ പ്രൊപോഷണൽ റെപ്രസെന്റേഷൻ എന്ന ആശയമാണു കെ എസ് യു വിലും യൂത്ത് കോൺഗ്രസ്സിലും തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ പിൻതുടരുന്നത്. അത് സി പി എമ്മിലെ സംഘടനാതെരഞ്ഞെടുപ്പിന്റെ പേരിലുള്ള വെട്ടിനിരത്തലുകളിൽനിന്ന് വ്യത്യസ്തമാണ്. ഇവിടെ 51 വോട്ടു കിട്ടുന്നവൻ പ്രസിഡന്റവുമ്പോൾ 49 വോട്ടു കിട്ടിയവൻ പുറത്താവുകയല്ല, തൊട്ടടുത്ത സ്ഥാനം ലഭിക്കുകയാണു ചെയ്യുന്നത്. നോമിനേഷൻ രീതിയിൽ ഇപ്പോൾ നടക്കുന്ന കോൺഗ്രസ്സ് പുനസംഘടനയിലും ഏതാണ്ട് ഇതുപോലെത്തന്നെയാണ്. എല്ലാ ഗ്രൂപ്പുകൾക്കും അർഹമായ പ്രാതിനിധ്യം നൽകി പരമാവധി സമവായത്തിലൂടെയാണു കോൺഗ്രസ്‌ പുനസംഘടന പൊതുവെ നടത്താറുള്ളത്.
 
11. ഇവിടെ ഉള്ള ഒരു വിയോജിപ്പ് കുറേ കാലമായി കോൺഗ്രസ്സ് ഫിഗർ പൊളിറ്റിക്സിൽ ആണല്ലോ ഊന്നുന്നത്.
 
കോൺഗ്രസ്സ് എന്ന് പറയുന്നത് ഇൻഡ്യൻ സമൂഹത്തിന്റെ തന്നെ ഒരു ക്രോസ് സെക്ഷൻ ആണ്. ഇൻഡ്യൻ സൊസൈറ്റിയിൽ ഈ ഹീറോ വർഷിപ്‌ ഉണ്ട്. കൾട്ടുകളുണ്ട്. സ്വാഭാവികമായിട്ടും കോൺഗ്രസ്സിലും അത് വരും. കോൺഗ്രസ്സിൽ വംശാധിപത്യം ഉണ്ട് എന്ന വിമർശനത്തിനുള്ള മറുപടിയും നമ്മുടെ സമൂഹത്തിൽ അതിനെ അംഗീകരിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട്‌ എന്നതാണെന്ന് വേണമെങ്കിൽ പറയാം. വേണ്ടത്ര ജനാധിപത്യവൽക്കരിക്കപ്പെടാത്ത ഒരു സമൂഹത്തിൽ അത്‌ സ്വാഭാവികമാണു. ഫ്യൂഡലിസവും രാജഭരണവുമൊക്കെ അവസാനിച്ചിട്ട്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ സമൂഹവും മാധ്യമങ്ങളും ഒരുപരിധിവരെ ഭരണകൂടങ്ങളും ചില കുടുംബങ്ങളെ രാജകുടുംബങ്ങളായി വിശേഷിപ്പിക്കുന്നത്‌ ശ്രദ്ധിച്ചിട്ടില്ലെ? ഫ്യൂഡൽ മൂല്ല്യങ്ങളിൽനിന്ന് പൂർണ്ണമായി നമുക്ക്‌ പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണിതൊക്കെ സൂചിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹം കൂടുതൽ ജനാധിപത്യപരമായി മാറുമ്പോൾ മാത്രമേ രാഷ്ട്രീയത്തിലും കുടുംബാധിപത്യം പൂർണ്ണമായും ഇല്ലാതാവുകയുള്ളൂ. എന്നാൽ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്‌. കുടുംബപാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്ക്‌ വന്നതെങ്കിലും അദ്ദേഹം അതിനെ നിലനിർത്താനല്ല നോക്കിയത്, മറിച്ച്‌ പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പൊക്കെ സജിവമാക്കി ജനാധിപത്യസംസ്ക്കാരത്തെ തിരിച്ചുകൊണ്ടുവരാനാണു അദ്ദേഹം മുൻകൈ എടുക്കുന്നത്. ഇത്‌ വളരെ പോസിറ്റീവ് ആയ ഒരു സമീപനമായിട്ടാണു കാണേണ്ടത്. നിഷ്പക്ഷത ഉറപ്പുവരുത്താൻ പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു ഇലക്ഷൻ കമ്മീഷനെ വെച്ചുകൊണ്ട്‌ തീർത്തും സുതാര്യമായാണ് യൂത്ത് കോൺഗ്രസ്സിലൊക്കെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാഭാവികമായും ഈ പാത പിന്തുടർന്ന് കോൺഗ്രസ്സും ജനാധിപത്യത്തിലേക്ക് തിരിച്ചുപോകുമ്പോൾ കുടുംബാധിപത്യമൊക്കെ പുറകോട്ടു പോയിക്കോളും. 
 
12. കേരളത്തിന്റെ രാഷ്ട്രീയം കുറേ കാലമായി ജാതി മതസാമുദായിക ശക്തികളുടെ നിയന്ത്രണത്തിലാണ്. അല്ലെങ്കിൽ അത്തരം കടുത്ത അവകാശവാദങ്ങൾ ഈ വിഭാഗങ്ങളിൽ നിന്നുയരുന്നു. കെ പി സി സി പ്രസിഡന്റടക്കമുള്ള ആളുകൾ അതിനെ പ്രതിരോധിക്കാതെ ഒഴിഞ്ഞുമാറുന്നതാണു കാണുന്നത്. ചോദിക്കട്ടെ, ഈ ജാതി സംഘടനകൾക്ക് അത്ര ശക്തിയുണ്ടോ?
 
യഥാർത്ഥതിൽ പല ജാതിസംഘടനകൾക്കും അവർ അവകാശപ്പെടുന്നതുപോലുള്ള ഒരു ശക്തിയുമില്ല എന്നതാണു സത്യം. പല സമുദായസംഘടനകളും തങ്ങളുടെ സമുദായങ്ങളുടെ യഥാർത്ഥ താല്പര്യങ്ങളെയാണോ റപ്രസന്റ്‌ ചെയ്യുന്നത് എന്നതും പ്രധാന ചോദ്യമാണ്. സമുദയ നേതാക്കളുടെ വ്യക്തിപരമായതും ബിസിനസ്പരമായതുമൊക്കെയായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി സമുദായത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നതായും പലപ്പോഴും നമുക്കനുഭവമുണ്ട്‌. ഈയിടെ യു ഡി എഫ് ഗവണ്മെന്റുമായി തർക്കമുണ്ടായപ്പോൾ ചില സമുദായനേതാക്കൾ സർക്കാർ പദവികളിലുള്ള തങ്ങളുടെ നോമിനികളോട് സ്ഥാനങ്ങൾ ഒഴിയാൻ പറഞ്ഞു. അപ്പോഴാണ് ആർക്കൊക്കെയാണ് അത്തരം സ്ഥാനങ്ങൾ കിട്ടിയിരുന്നതെന്ന് നമുക്കെല്ലാം മനസ്സിലായത്, ഒരു സമുദായനേതാവിന്റെ മകൻ, വേറൊരു സമുദായ നേതാവിന്റെ മകൾ ഒക്കെ അങ്ങനെ രാജി വെച്ചതായി നമ്മൾ കണ്ടു. അതായത്‌, സമുദായത്തിന്റെ പേരു പറഞ്ഞ് വിലപേശിവാങ്ങിയ സ്ഥാനങ്ങൾ ഇവർ കൊടുക്കുന്നത് സ്വന്തം മക്കൾക്കും മരുമക്കൾക്കുമൊക്കെയാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെന്ന വിശേഷണത്തിനുപോലും അവരർഹരാണോ എന്ന് ചിന്തിക്കേണ്ടിവരുന്നു.
 
 ചരിത്രപരമായി നോക്കുകയാണെങ്കിൽ ഓരോ സമുദായത്തിനകത്തേയും നവീകരണ പ്രസ്ഥാനങ്ങളായിട്ടാണ് ഇവയൊക്കെ തുടക്കം കുറിച്ചത്‌. സമുദായത്തിനകത്ത് വലിയ രീതിയിൽ ഇടപെടാൻ ഈ സംഘടനകൾക്ക് കഴിഞ്ഞകാലത്ത് കഴിഞ്ഞിട്ടുണ്ട്. അതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാരഥന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കളായിരുന്നു ആദ്യകാലത്തെ പല സമുദായനേതാക്കന്മാരും. അതുകൊണ്ടുതന്നെ സ്വസമുദായത്തിന്റെ അവകാശങ്ങൾകായി വാദിക്കുമ്പോഴും ഇതര സമുദായങ്ങൾക്കുവരെ അവർ സ്വീകാര്യരായിരുന്നു. അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനായുള്ള ഗുരുവായൂർ സത്യാഗ്രഹത്തെ മുന്നിൽനിന്നു നയിച്ച മന്നത്ത്‌ പദ്മനാഭനൊക്കെ അതിനുദാഹരണമാണു. എന്നാൽ ഇന്ന് അത്തരം സാമൂഹ്യനവീകരണദൗത്യങ്ങളെല്ലാം വിസ്മരിച്ച് ചില വ്യക്തികളുടെ സ്ഥാപിത താല്പരത്തിനായി സമുദായ സംഘടനകളുടെ ലേബൽ ഉപയോഗിക്കുകയാണ്. ഇതിനെ അംഗീകരിച്ചുകൊടുക്കെണ്ട ഒരു ബാധ്യതയും ജനാധിപത്യ ഭരണകൂടങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും ഇല്ല. സമുദായനേതാക്കന്മാരെന്ന ഇടത്തട്ടുകാരെ ഒഴിവാക്കി ഓരോ സമുദായത്തിലേയും ബഹുജനങ്ങളുമായി നേരിട്ട്‌ സംവദിക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്ക്‌ കഴിയേണ്ടതുണ്ട്. 
 
ജവഹർലാൽ നെഹ്രുവിന്റെ പൈതൃകം പേറുന്ന കോൺഗ്രസ്‌ പോലുള്ള ജനാധിപത്യപ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കുറേക്കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണു പുതിയ തലമുറയിലെ ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്‌. മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസിന്റെ നേതാക്കളെ ജാതിനേതാക്കൾ ആക്ഷേപിക്കുന്നത്‌ യഥാർത്ഥ പാർട്ടിപ്രവർത്തകനു വേദനാജനകമാണു. അതിനെ അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയോ കെ പി സി സി പ്രസിഡന്റോ അവരുടെയൊക്കെ ഓരോ വാദത്തിനും അധിക്ഷേപത്തിനും മറുപടികൊടുക്കണമെന്നല്ല, പക്ഷേ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ജാതിനേതാക്കന്മാർ വരേണ്ടതില്ലെന്ന് അവരോട്‌ കൃത്യമായി പറയാൻ കഴിയണം. അതിനു പലപ്പോഴും നേതാക്കൾ തയ്യാറാവുന്നില്ല എന്ന വിമർശനം എനിക്കുണ്ട്. 
 
13. ജാതി സ്വാധീനത്തിന്റെ പാറ്റേൺ നോക്കുമ്പൊൾ ഈ സംഘടനകൾ മലബാറിൽ ദുർബ്ബലമാണെന്നു കാണാം. എൻ എസ്സ് എസ്സും എസ് എൻ ഡി പിയുമൊക്കെ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായ ഇടപെടലുകൾ നടക്കുന്നത് കൂടുതലും തെക്കാണ്. 
 
തിരുവിതാംകൂറിൽ ജാതിസംഘടനകൾക്ക്‌ കൂടുതൽ സ്വാധീനമുണ്ടെന്ന കാര്യം സത്യമാണു. അവിടെ സമൂഹത്തിലും ജാതിചിന്ത കുറേക്കൂടി പ്രബലമാണെന്ന നിരീക്ഷണവുമുണ്ട്‌. അതൊരു വലിയ പ്രശ്നമാണ്. രാജഭരണത്തിനു കീഴിലായിരുന്നതിനാൽ മലബാറിലേതുപോലെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നത്‌ ഇതിനൊരു കാരണമായിത്തീർന്നിട്ടുണ്ടാവാം. എന്തൊക്കെ പറഞ്ഞാലും സമൂഹം ഇങ്ങനെ ചിന്തിക്കുമ്പോൾ അതിന്റെ കൂടെ പോകുക എന്ന എളുപ്പവഴി സ്വീകരിക്കാനാണു സ്വാഭാവികമായി രാഷ്ട്രീയപ്പാർട്ടികളും ആഗ്രഹിക്കുക. അല്ലെങ്കിൽപ്പിന്നെ നേരത്തെ പറഞ്ഞപോലെ ഇക്കാര്യത്തിലും രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ ഒരു പൊതു സമവായം ഉണ്ടാവണം. എന്നാൽ നമ്മളെന്താണിപ്പോൾ കാണുന്നത്‌? ഏതെങ്കിലുമൊരു പാർട്ടിയുമായി ഏതെങ്കിലുമൊരു സമുദായം ഇടഞ്ഞു നിൽക്കുന്നു എന്നു തോന്നിയാൽ മറുവിഭാഗം യാതൊരു തത്വദീക്ഷയുമില്ലാതെ അവരെ പോയി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. നമുക്കറിയാം, 5000 ത്തിൽ താഴെ വോട്ടുകൾക്ക് വിജയിക്കുന്ന മണ്ഡലങ്ങളാണ് കേരളത്തിലധികവും. ഏതെങ്കിലുമൊരു സമുദായം വിചാരിച്ചാൽ പോലും വോട്ട്‌ ബാങ്ക്‌ പൊളിറ്റിക്സിൽ ഇലക്ഷൻ റിസൾട്ടിനെ സ്വാധീനിക്കാൻ അവർക്ക്‌ കഴിയും. അതിനെ മറികടക്കുക എന്ന കാര്യത്തിൽ മുന്നണികൾക്കിടയിൽ സമവായമുണ്ടാവേണ്ടതുണ്ട്‌. ജനാധിപത്യ സമൂഹത്തിൽ ഭരണകൂടങ്ങളും രാഷ്ട്രീയപ്പാർട്ടികളുമൊക്കെ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട ചില പ്രോട്ടോക്കോളുകൾ ഉയർത്തിക്കൊണ്ടുവരാൻ നമുക്ക്‌ കഴിയണം.
 


15. അവിടെ ഉയരുന്ന മറ്റൊരു വിമർശനം ഹിന്ദുസമുദായസംഘടനകളെ വിമർശിക്കുന്ന ബാലറാം മുസ്ലിം സംഘടനകളെ ഒഴിവാക്കുന്നു എന്നതാണ്.  ഹിന്ദു എം എൽ എ വിഷയത്തിൽ ശക്തമായി പ്രതികരിച്ച ബാലറാം മുസ്ലീം പെൺ കുട്ടികളുടെ വിവാഹപ്രായം കുറച്ച കാര്യത്തെ അഡ്രസ്സ് ചെയ്തില്ല എന്ന് ആരോപണം വന്നിരുന്നു.
 
അത് ഒട്ടും ശരിയല്ല. വിവാഹപ്രായവിഷയത്തിൽ ആദ്യം റസ്പോണ്ട്‌ ചെയ്തവരിൽ ഉൾപ്പെടുന്ന ഒരാളാണു ഞാൻ. ഫേസ്ബുക്കിലൂടെ അന്നുതന്നെ പ്രതികരിച്ചു, തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രിക്ക്‌ നേരിട്ട്‌ കത്തുനൽകി, അസംബ്ലിയിൽ ഈ വിഷയത്തിൽ ഒരു സബ് മിഷൻ അവതരിപ്പിക്കാൻ വേണ്ടിപ്പോലും നോട്ടീസ്‌ നൽകിയിരുന്നു, അസംബ്ലി ആ ദിവസങ്ങളിൽ അലങ്കോലപ്പെട്ടില്ലായിരുന്നെങ്കിൽ അതവതരിപ്പിക്കാനും കഴിയുമായിരുന്നു. ഇതേവരെ നടന്ന വിവാഹങ്ങൾ ലീഗലൈസ്‌ ചെയ്യാനാണു നീക്കമെങ്കിൽ അതിൽ അത്ര തെറ്റ്‌ നാം കാണുന്നില്ല. അല്ലെങ്കിൽ നാളെ ഒരു വിവാഹമോചനം ആഗ്രഹിച്ചാൽപ്പോലും അതിൽ ബുദ്ധിമുട്ടുണ്ടാവും. അതുതന്നെ മുസ്ലീം പെൺകുട്ടികളുടെ മാത്രം വിഷയവുമല്ല. പക്ഷേ ഇനി നടക്കാനിരിക്കുന്ന വിവാഹങ്ങൾക്കും ബാധമാവുന്ന തരത്തിലാണു കാര്യങ്ങളെങ്കിൽ അതിനെ അംഗീകരിക്കാൻ കഴിയില്ല എന്നാണെന്റെ അഭിപ്രായം. യഥാർത്ഥത്തിൽ അത്തരമൊരു നീക്കം മുസ്ലിം ജനസാമാന്യത്തിന്റെ താത്പര്യത്തിനുള്ളതല്ല, അവരിലെ സങ്കുചിതമനസ്ഥിതിക്കാരുടെ താത്പര്യാനുസരണമാണു. വിദ്യാഭ്യാസരംഗത്ത്‌, പ്രത്യേകിച്ചും പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത്‌ മുസ്ലീം സമൂഹം സമീപനാളുകളിൽ കൈവരിച്ച നേട്ടങ്ങളെയൊക്കെ പുറകോട്ടടിപ്പിക്കുന്ന ഒന്നാണു വളരെ നേരത്തെയുള്ള വിവാഹം. പി.എസ്‌.സി.പരീക്ഷയിലൂടെ ഒരു ക്ലർക്കാവാൻ പോലും ബിരുദം ഒരടിസ്ഥാനയോഗ്യതയാവുന്ന ഇക്കാലത്ത്‌ 20 വയസ്സുവരെയെങ്കിലും വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞാൻ എന്റെ എല്ലാ പ്രസംഗങ്ങളിലും ഇപ്പോഴും പറയാറുണ്ട്. 
 
സമീപകാലത്തായി ഞാനുയർത്തുന്ന പല രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെയും വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ചില ആസൂത്രിതശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് സോഷ്യൽ മീഡിയയിലും മറ്റും കാണാറുണ്ട്‌. മുസ്ലീം വോട്ടിനുവേണ്ടി ഹിന്ദുക്കളെ വിമർശ്ശിക്കുന്നു എന്ന തരത്തിലാണു ആക്ഷേപവും പലപ്പോഴും തെറിവിളിയുമൊക്കെ നടക്കുന്നത്‌. ശശികല ടീച്ചറേപ്പോലുള്ളവരുടെയൊക്കെ പ്രസംഗങ്ങളിലും അതൊക്കെ കടന്നുവരാറുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌. ഉദാഹരണത്തിനു ഈയിടെ ദേവസ്വം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ "ഹിന്ദു എം.എൽ.എ" എന്ന വിശേഷണത്തിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ അതിനെ അവർ വളച്ചൊടിച്ചത്‌ ഞാൻ "ഹിന്ദു" എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല, ഹിന്ദുക്കളെ മുഴുവൻ തള്ളിപ്പറയുന്നു , അവഹേളിക്കുന്നു എന്നൊക്കെയുള്ള മട്ടിലാണു. വ്യക്തിപരമായി ഞാനൊരു മതവിശ്വാസിയല്ല എന്നത്‌ വേറെ കാര്യം, എന്നാലതെന്റെ സ്വകാര്യത മാത്രമാണു, ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.
വ്യക്തിപരമായി ഞാനൊരു മതവിശ്വാസിയല്ല എന്നത്‌ വേറെ കാര്യം, എന്നാലതെന്റെ സ്വകാര്യത മാത്രമാണു, ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല
എന്നാൽ ഇവിടെ ഞാൻ പറയാനാഗ്രഹിച്ചത്‌ ഒരു ജനപ്രതിനിധിയെന്ന നിലയിൽ എനിക്ക്‌ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയായിരിക്കാൻ കഴിയില്ല എന്നതാണു. എല്ലാവരുടേയും വോട്ടുവാങ്ങി ജയിക്കുന്ന ഒരാൾ പ്രതിനിധീകരിക്കുന്നത്‌ അവരെയെല്ലാമാണു, അല്ലാതെ സ്വന്തം മതവിശ്വാസത്തെ മാത്രമല്ല. അതുകൊണ്ടുതന്നെ ജനങ്ങൾ തെരഞ്ഞെടുത്ത എം.എൽ.എ.മാരെ അവർ ജനിച്ച സമുദായത്തിന്റെ പേരിൽ വേർത്തിരിക്കുന്നത്‌ ശരിയല്ല എന്നതായിരുന്നു ഞാനുയർത്താനുദ്ദേശിച്ച കാര്യം. ദേവസ്വം വോട്ടെടുപ്പ്‌ രീതിക്കകത്തുള്ള ആ വേർത്തിരിവ്‌ നമ്മുടെ മതനിരപേക്ഷ സങ്കൽപ്പങ്ങളുമായി ചേർന്നുനിൽക്കുന്നതാണോ എന്നത്‌ ഒരു രാഷ്ട്രീയ വിഷയമാണു. യഥാർത്ഥത്തിൽ ഇത്തരം വിഷയങ്ങൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നമ്മുടെ ഇടതുപക്ഷം ഇവിടെ ദേവസ്വം ബോർഡ്‌ അംഗത്വമെന്ന അധികാരസ്ഥാനങ്ങൾക്കുവേണ്ടി മൗനമവലംബിക്കുകയായിരുന്നു എന്നതാണു ഏറെ ഖേദകരം.
 
അതുപോലെത്തന്നെയാണു സാമൂതിരി കുടുംബാംഗങ്ങൾക്ക്‌ പെൻഷൻ നൽകാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം. ഇക്കാര്യത്തിൽ ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു, അദ്ദേഹമതിനു സർക്കാർ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു മറുപടിയും തന്നിരുന്നു. എന്നാലും എൻറെ അഭിപ്രായത്തിൽ ഞാൻ ഉറച്ചു നില്ക്കുകയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാട്ടുരാജാക്കന്മാർക്ക്‌ നൽകിയിരുന്ന മാലിഖാൻ ഒക്കെ ഇക്കാലത്തും തുടരുന്നു എന്നത്‌ നമുക്ക്‌ അഭിമാനിക്കാൻ വക നൽകുന്നതാണോ? പഴയ രാജാക്കന്മാർക്ക്‌ നൽകിയിരുന്ന പ്രിവി പഴ്സ്‌ നിർത്തലാക്കിയ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യത്തെ ഓർക്കുന്ന ഏതൊരാൾക്കും ഇതിൽ പ്രതികരിക്കാതെ മാറിനിൽക്കാൻ കഴിയില്ല. ഒരു കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്‌ ആർക്കെങ്കിലും പൊതുപണമുപയോഗിച്ച്‌ ആനുകൂല്ല്യങ്ങൾ നൽകുന്നത്‌ ഭരണഘടനയുടെ തുല്ല്യതാ സങ്കൽപ്പങ്ങളോട്‌ ചേർന്നുനിൽക്കുന്നതല്ല എന്നാണെനിക്ക്‌ തോന്നുന്നത്‌. ആ പരമ്പരയിൽപ്പെട്ട ആരെങ്കിലും യഥാർത്ഥത്തിൽ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക്‌ മറ്റ്‌ എല്ലാ വിഭാഗക്കാർക്കും നൽകുന്ന തരത്തിലുള്ള ക്ഷേമപെൻഷനുകൾ നൽകാവുന്നതാണു. അല്ലാതെ ആദിവാസികൾക്ക്‌ വെറും 525 രൂപ, സാമൂതിരിമാർക്ക്‌ 2500 രൂപ എന്ന തരത്തിൽ പോകുന്നത്‌ ശരിയല്ല. 
 
ഇത്തരത്തിലുള്ള സവർണ്ണ പൊതുബോധങ്ങൾക്കെതിരായ തുറന്ന നിലപാടുകൾ ആവശ്യമാണെന്ന തോന്നലുകൊണ്ടാണു പല വിഷയത്തിലും പ്രതികരിക്കുന്നത്‌. അല്ലാതെ ആരേയും കാര്യമില്ലാതെ ആക്ഷേപിക്കാൻ വേണ്ടിയല്ല. അല്ലെങ്കിൽത്തന്നെ ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിച്ചാൽ അതിന്റെ പേരിൽ ബാക്കി എല്ലാവരും ഓടിവന്ന് വോട്ട്‌ ചെയ്യുമെന്ന് ആർക്കെങ്കിലും കരുതാൻ കഴിയുമോ? എന്തൊരു ഭോഷ്ക്കാണത്‌? വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തെ മനസ്സിൽ കണ്ടാണെങ്കിൽ ആരേയും മുഷിപ്പിക്കാതെ എല്ലാവരേയും പ്രീണിപ്പെടുത്തുക എന്നതാണു ഏറ്റവും സേഫ്‌. അതിൽ നിന്നു വിഭിന്നമായി ചില നിലപടുകൾ എടുക്കേണ്ടിവരുന്നത്‌ ജനങ്ങാളാഗ്രഹിക്കുന്ന ശരിയായ മാറ്റങ്ങൾക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുക എന്നത്‌ ഒരു യുവരാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ എന്നേപ്പോലുള്ളവരുടെ ചുമതലയാണെന്ന് തിരിച്ചറിയുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു. ചിലർ പ്രചരിപ്പിക്കുന്നതുപോലെ എന്റെ മണ്ഡലം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമൊന്നുമല്ല. ഓരോ സമുദായത്തിന്റേയും കൃത്യമായ ശതമാനക്കണക്കൊന്നും എടുക്കാൻ ഞാനിതുവരെ മെനക്കെട്ടിട്ടില്ലെങ്കിലും ഏതാണ്ട്‌ മുപ്പതോ മുപ്പത്തഞ്ചോ ശതമാനം മാത്രമേ അവിടെ മുസ്ലീം പോപ്പുലേഷൻ ഉണ്ടാകുകാൻ സാധ്യതയുള്ളൂ. ഗണ്യമായ തോതിൽ സവർണ്ണ ഹൈന്ദവ വോട്ടുള്ള ഒരു മണ്ഡലമാണു തൃത്താല. എന്നാൽ ജാതിക്കും മതത്തിനുമൊക്കെ അതീതമായി കാര്യങ്ങൾ കാണാൻ എന്റെ നാട്ടുകാർക്കു കഴിയുമെന്ന പ്രതീക്ഷയുള്ളതുകൊണ്ട്‌ വർഗ്ഗീയ വാദികളുടെ ഭീഷണിയൊന്നും ഞാൻ വല്ലാതെ കാര്യമാക്കാറില്ല.
 
16. കഴിഞ്ഞ ആഴ്ചകളിൽ കേരളം ചർച്ച ചെയ്യുന്നത് രാഷ്ട്രീയക്കാരന്റെ ധാർമികതയെ പറ്റിയുള്ള പ്രശ്നങ്ങളാണ്. നമ്മുടെ മുഖ്യധാരാ സിനികളിൽ കാണുന്ന രാഷ്ട്രീയക്കാരന്റെ ഇമേജിനേക്കാൽ മോശമായ പ്രതിഛായ ആണ് ഈ സംഭവങ്ങൾ രാഷ്ട്രീയക്കാരെ സംബന്ധിച്ച് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.
 
ധാർമ്മികതയേക്കുറിച്ചും സദാചാരത്തേക്കുറിച്ചുമൊക്കെ ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളിൽ പലതും പൊളിച്ചെഴുതപ്പെടേണ്ടതാണു. ഇന്ന് സദാചാരമെന്നതുകൊണ്ട്‌ നാം പൊതുവേ അർത്ഥമാക്കുന്നത്‌ ലൈംഗിക സദാചാരം മാത്രമാണു. എന്നാൽ അത്‌ സദാചാരത്തിന്റെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ. മലയാളികൾ പൊതുവേ മറ്റുള്ളവർക്കുമേൽ തങ്ങളുടെ കാഴ്ചപ്പാടിലുള്ള ലൈംഗികസദാചാരം അടിച്ചേൽപ്പിക്കാനാണു വെമ്പൽ കൊള്ളുന്നത്‌. എന്നാൽ അതിനേക്കാൾ സാമൂഹികമായി പ്രസക്തിയുള്ള സദാചാരമൂല്ല്യങ്ങളിൽ നമുക്ക്‌ അത്തരമൊരു നിർബന്ധം പലപ്പോഴും കാണുന്നില്ല. അതുകൊണ്ടുതന്നെയാണു നമ്മുടേത്‌ പലപ്പോഴും കപടസദാചാരബോധം മാത്രമാണു എന്ന് പറയേണ്ടിവരുന്നത്‌. ഒരു രാഷ്ട്രീയക്കാരനേയോ ഭരണാധികാരിയേയോ സംബന്ധിച്ചിടത്തോളം ധാർമികത എന്നു പറയുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായുള്ള ചുമതലകൾ നിർവഹിക്കുന്നുണ്ടോ, അഴിമതി നടത്തുന്നുണ്ടോ, ജനോപകാരപ്രദമായിട്ടുള്ള നയങ്ങളാണോ ആവിഷ്കരികുന്നത്, അവ ഇമ്പ്ലിമന്റ്‌ ചെയ്യാനും മോണിറ്റർ ചെയ്യാനം കഴിയുന്നുണ്ടോ എന്നുള്ളതൊക്കെയാണ് . എന്നാൽ അയാളുടെ സ്വകാര്യ ജീവിതം തീർത്തും വ്യത്യസ്തമാണ്. പ്രൈവറ്റ്‌ ലൈഫ്‌ ഔദ്യോഗിക കൃത്യനിർവഹണവുമായി കോൺഫ്ലിക്റ്റിൽ വരാത്തിടത്തോളം കാലം ആ സ്വകാര്യതയിൽ നമുക്ക് തലയിടാൻ അവകാശമേയില്ല.
സമൂഹത്തിൽ നിലനിൽക്കുന്ന പൊതുബോധത്തിനൊപ്പം നിൽക്കേണ്ടവരല്ല എല്ലായ്പ്പോഴും പൊതുപ്രവർത്തകർ
. ഒരുപക്ഷേ ഒറ്റയടിക്ക്‌ സ്വീകരിക്കപ്പെടാത്തവയാണെങ്കിലും പുതിയ കാഴ്ചപ്പാടുകളൊക്കെ അവതരിപ്പിക്കേണ്ടവരാണു. നമ്മുടെ നാട്ടിലെ ഈ സങ്കുചിതമായ സദാചാരസങ്കൽപ്പങ്ങൾ കാരണം ഇത്തരത്തിൽ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനോ അതിനുകൂടെനിൽക്കാനോ രാഷ്ട്രീയനേതാക്കളടക്കമുള്ളവർ പൊതുവെ ഭയക്കുകയാണു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളടക്കമുള്ള രാഷ്ട്രീയവിഷയങ്ങൾ കേരളത്തിൽ രാഷ്ട്രീയസമൂഹത്തിനിടയിൽനിന്ന് വേണ്ടത്ര ഉയരുന്നില്ല എന്നത്‌ ശ്രദ്ധിക്കണം. ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയോടും ഇപ്പോഴും അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടാണു നമുക്കുള്ളത്‌. ഇതിനുപകരം ലിബറൽ മൂല്ല്യങ്ങളാണു പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌. അവ എല്ലാം ഒറ്റയടിക്ക്‌ ഉൾക്കൊള്ളാൻ ഒരുപക്ഷേ പലർക്കും ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാലും സമൂഹത്തിന്റെ പൊതുവായ ജനാധിപത്യവൽക്കരണത്തിനായി അവയെ സ്വീകരിച്ചേ പറ്റൂ. എന്നാൽ മാത്രമേ തുല്ല്യനീതി, ജനാധിപത്യം, മതേതരത്വം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, അവസരസമത്വം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ലിബറൽ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു ആധുനിക ജനാധിപത്യ സമൂഹം നമുക്ക്‌ സൃഷ്ടിക്കാൻ കഴിയൂ.