Saturday 26 January 2013

പാരിസ്ഥിതിക സംവേദക മേഖലകളുടെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യങ്ങളും - അഡ്വ.വി.ഡി. സതീശന്‍.... എം.എല്‍.എ.


വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ (Eco-sensitive zone) പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ചില ഭയാശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം അവിടുത്തെ ജനജീവിതത്തെയും കാര്‍ഷികവൃത്തിയെയും ബാധിക്കുമോ എന്നാണ് പലരുടെയും ഉത്ക്കണ്ഠ.

കാര്‍ക്കശ്യം നിറഞ്ഞ 1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, പിന്നീട് വന്ന ഇ.എഫ്.എല്‍. നിയമം, സമീപകാലത്ത് വിവാദമായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുമായി ചേര്‍ത്തുവച്ചാണ് പലരും പാരിസ്ഥിതിക സംവേദക മേഖലകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തെ നോക്കിക്കണ്ടത്.

1986 ലെ പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 3-ാം വകുപ്പും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലെ 5(1) ചട്ടമനുസരിച്ചും സംസ്ഥാനസര്‍ക്കാരുകളുടെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വന്യമൃഗസങ്കേതങ്ങള്‍ക്കു ചുറ്റും വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളാണ് പാരിസ്ഥിതിക സംവേദക മേഖലകള്‍ എന്നറിയപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ അംഗീകരിച്ചുകഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികളും ആക്ഷേപങ്ങളും 60 ദിവസത്തെ സമയം വച്ച് സ്വീകരിക്കും. അതിനുശേഷമാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നിയമം വന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

വന്യമൃഗ സങ്കേതങ്ങള്‍ക്കു ചുറ്റും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഈ സോണ്‍ പ്രഖ്യാപനം.

വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം, മണല്‍ വാരല്‍ എന്നിവ വനമേഖലകള്‍ക്കും ചെങ്കുത്തായ ചരിവുകള്‍ക്കും കടുത്ത നാശം സൃഷ്ടിക്കുകയാണ്. സ്ഥലവാസികള്‍ക്ക് ജീവിക്കാനും തൊഴിലുകളും കൃഷിയും ചെയ്യുവാനും ആകാത്തവിധം ഇവ ജനജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്നു. മാത്രമല്ല, മണല്‍ മാഫിയയും ക്വാറി മാഫിയയും നാടിനാകെയും നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുയും ചെയ്യുന്ന രീതികളെ കുറിച്ച് കേരളത്തിലാരെയും പ്രത്യേകം പറഞ്ഞ് മനസ്സിലാക്കേണ്ടതായില്ല. വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും നിയമലംഘനവും തടയേണ്ടതായുണ്ട്. മരം വെട്ടല്‍, വനംകൊളള, മൃഗവേട്ട, തീയിട്ടു കാടിനെ നശിപ്പിക്കല്‍ എന്നിവയും പലയിടങ്ങളില്‍ വലിയ പ്രശ്നങ്ങളാണ്.


മനുഷ്യവാസമുളള മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് കേരളത്തിലെ പല മലയോര മേഖലയിലും ജനജീവിതം ദു:സ്സഹമാക്കിയിട്ടുണ്ട്. എന്താണ് ഇതിനു കാരണം. വന്യജീവികളുടെ പാതകള്‍ ( ആനത്താരകള്‍ ഉദാഹരണം) മുറിഞ്ഞു പോകുന്നത് അവര്‍ക്ക് വനത്തിനുളളില്‍ ആവശ്യമായ വെളളവും ഭക്ഷണവും ലഭിക്കാത്തത് എന്നിവയാണ് സാധാരണ വന്യമൃഗങ്ങളെ ജനവാസമുളളിടങ്ങളിലേക്ക് എത്തിക്കുന്നത്. പ്രത്യേക സോണുകള്‍ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നുളള രക്ഷാകവചം കൂടിയാകണം.

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച നടപടികളില്‍ കാര്യമായ പുരോഗതി ഇല്ലാത്തതുകൊണ്ട് 2006 ല്‍ സുപ്രീം കോടതി ഇടപെടുകയും സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രതികരിക്കാത്തതുകൊണ്ട് സുപ്രീംകോടതി വീണ്ടും ഇടപെടുകയും ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2013 ഫെബ്രുവരി 15 ന് മുമ്പായി പ്രഖ്യാപനത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്. അല്ലാത്ത പക്ഷം എല്ലാ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക സംവേദക മേഖലയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അങ്ങിനെ വന്നാല്‍ പൊതുജനങ്ങളുടെ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പൊതുവെ സ്വീകാര്യമായ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസരം നമുക്ക് നഷ്ടമാകാന്‍ ഇടയാക്കും.

പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നതിന് സുപ്രീംകോടതി മുന്‍പാകെ രണ്ട് നിര്‍ദ്ദേശങ്ങളാണുള്ളത്.

1. ഓരോ വന്യമൃഗ സങ്കേതങ്ങളുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് 10 കിലോമീറ്റര്‍ വരെ വരാവുന്ന രീതിയില്‍ സോണുകള്‍ പ്രഖ്യാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
2. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം ദൂരം താഴെ പറയും പ്രകാരം നിശ്ചയിക്കാവുന്നതാണ്.

എ) 500 ച.കി.മീറ്ററിന് മുകളില്‍ വിസ്തീര്‍ണ്ണം 2 കിലോമീറ്റര്‍
ബി) 200 നും 500 ച. കിലോമീറ്ററിനും ഇടയ്ക്ക് 1 കി.മീ.
സി) 100 നും 200 ച. കിലോമീറ്ററിനും ഇടയ്ക്ക് 500 മീറ്റര്‍
ഡി) 100 ച.കിലോമീറ്ററിനു താഴെ 100 മീറ്റര്‍
നമ്മുടെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ മേല്‍ വസ്തുതകള്‍ കണക്കിലെടുത്ത് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കുന്നതായിരിക്കും നമുക്ക് കൂടുതല്‍ അഭികാമ്യം. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശം സുപ്രീംകോടതി ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്.

സോണ്‍ പ്രഖ്യാപിച്ചാല്‍ പ്രസ്തുത മേഖലകളില്‍ നിരോധിക്കേണ്ടതും, നിയന്ത്രിക്കേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതുമായ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

വന്യജീവി സങ്കേതങ്ങള്‍ക്ക് തൊട്ട് പുറത്തുള്ള മേഖലകളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നതുമാത്രമാണ് ഈ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യം. അതിനാല്‍ അത്തരം പ്രദേശങ്ങളിലെ ജനജീവിതം, കാര്‍ഷികവൃത്തി, ടൂറിസം പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നീ നാല് കാര്യങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ വേണം നിരോധനങ്ങളും, നിയന്ത്രണങ്ങളും നടപ്പാക്കേണ്ടത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളെ ഒരു തരത്തിലും തടസ്സപ്പെടുത്തരുത്.

ഉദാഹരണമായി വാണിജ്യാവശ്യത്തിനുള്ള ഖനനം, പരിസര മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ശബ്ദമലിനീകരണ പ്രവര്‍ത്തനങ്ങള്‍, തടിമില്ലുകള്‍, പ്ളാസ്റിക്കിന്റെ ഉപയോഗം, ചെറുവിമാനങ്ങള്‍, ഹെലികോപ്ടര്‍, ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും മീതെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവ നിരോധിക്കപ്പെടേണ്ട ലിസ്റില്‍പ്പെടുത്താവുന്നതാണ്. നിയന്ത്രണ വിധേയമാക്കുന്നതിന്റെ കൂട്ടത്തില്‍ വലിയ ബഹുനില കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, മരം മുറിക്കുന്നത്, ഭൂഗര്‍ഭജലത്തിന്റെ വാണിജ്യാവശ്യത്തിനുള്ള ഉപയോഗം, പരസ്യഫലകങ്ങളുടെ പ്രദര്‍ശനം, കീടനാശിനികളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. ജൈവകൃഷി, പ്രാദേശിക ജനപഥങ്ങള്‍ നടത്തുന്ന പുഷ്പ, ഫല കൃഷികള്‍, പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം, ഹരിത സാങ്കേതിക വിദ്യ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

വന്യജീവി സങ്കേതത്തിനു ചുറ്റുമായി റിസര്‍വോയറുകളും, റിസര്‍വ്വ് വനങ്ങളും വലിയ നദികളും ഉള്ള പ്രദേശങ്ങളില്‍ സോണുകള്‍ പ്രഖ്യാപിക്കേണ്ടതില്ല. കാരണം അതുതന്നെ സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ആവശ്യമായ കരുതല്‍ മേഖലയാണ്.

ഓരോ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള എം.പി.മാര്‍, എം.എല്‍.എ. മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നീ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാനാണ് സംസ്ഥാന സര്‍ക്കാരും വൈല്‍ഡ് ലൈഫ് ബോര്‍ഡും നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കേരളത്തിന്റെ മൂന്ന് മേഖലകളിലും ബോര്‍ഡിന്റെ സബ് കമ്മറ്റികള്‍ സന്ദര്‍ശനം നടത്തിവരികയാണ്.

ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജന ആവാസ കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യം, വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും വിസ്തീര്‍ണ്ണം എന്നിവ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതാണ്. ഓരോ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് സോണിന്റെ ദൂരം, നിരോധിക്കപ്പെടേണ്ടതും നിയന്ത്രിക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവയടങ്ങിയ പ്രത്യേകം വിജ്ഞാപനങ്ങള്‍ ഉണ്ടാകും. ഇത് പരിശോധിക്കുന്നതും നിയന്ത്രണവിധേയമായ കാര്യങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതും പ്രത്യേകം മോണിറ്ററിംഗ് സമിതികളായിരിക്കും. ഇത്തരം സമിതികള്‍ അതാത് ജില്ലകള്‍ കേന്ദ്രമാക്കി രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വനമേഖലകളോട് അടുത്തു ജീവിക്കുന്ന ജനങ്ങള്‍ക്ക് പ്രത്യേകിച്ചും, ആദിവാസികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ചെറുകിട കര്‍ഷകര്‍ എന്നിവക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും കൂടി ഈയവസരം ഉപയോഗിക്കപ്പെടണം. നല്ല കെട്ടിടങ്ങള്‍, ബയോഗ്യാസ്, സൌരോര്‍ജ്ജം, ജൈവവളം, ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്കുളള സഹായം, കൃഷി സ്ഥലങ്ങളെയും വീടുകളെയും സംരക്ഷിക്കാനുളള കിടങ്ങുകള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തണം.
പ്രകൃതി സംരക്ഷണത്തിന് വലിയ സംഭാവന നല്‍കുന്നവരും പലപ്പോഴും കാവലായി നില്‍ക്കുന്നവരുമായ ജനതക്ക് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളും അവരെ പ്രോല്‍സാഹിപ്പിക്കാനുളള നടപടികളും വേണം. ഈ സോണ്‍ പ്രഖ്യാപനവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനൊപ്പം തെറ്റിദ്ധാരണ പരത്താനും ഭൂ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും ഉപയോഗിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാരെ കുറിച്ച് നമുക്ക് ജാഗ്രത പാലിക്കുകയും വേണം. കര്‍ഷകരെ വിരട്ടിയും തെറ്റിദ്ധരിപ്പിച്ചും കുറഞ്ഞ വിലക്ക് ഭൂമി തട്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ഉപസമിതികള്‍ നടത്തുന്ന സന്ദര്‍ശനം വിജയകരമാണ്. ജനപ്രതിനിധികളുമായി വിശദമായ ആശയവിനിമയം നടത്തി പൊതുനിഗമനങ്ങളിലെത്താന്‍ സമിതിക്ക് കഴിയുന്നുണ്ട്.

ജനങ്ങളുടെ തലയില്‍ ഇടിത്തീ പോലെ വീഴും എന്ന് കരുതിയ ഒരു സംഗതി, ജനജീവിതത്തിനും, കാര്‍ഷിക വൃത്തിക്കും പാരിസ്ഥിതിക ടൂറിസത്തിനും ഗുണകരമായ രീതിയില്‍ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് തെളിയിക്കണം.

വന്യജീവി സങ്കേതങ്ങളെയും ദേശീയ ഉദ്യാനങ്ങളെയും എന്തുവിലകൊടുത്തും സംരക്ഷിക്കുമ്പോള്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ അകറ്റി നിര്‍ത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയും വേണം.

Saturday 19 January 2013

ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളയുന്നതിനുമുമ്പ് - വി. ടി. ബൽറാം എം.എൽ.എ.


പശ്ചിമഘട്ടമലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് (Western Ghats Ecology Expert Panel Report) ഇന്ന് വലിയ ചർച്ചാവിഷയമാണ്. ഗുജറാത്ത് മുതൽ കേരളം വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം, അതിന്റെ അമൂല്യമായ ജൈവവൈവിദ്ധ്യത്തിന്റെ പേരിലും ആറ് സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ കുടിവെള്ളലഭ്യതയും ഭക്ഷ്യസുരക്ഷയുമടക്കമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ പേരിലും ഏറ്റവുമധികം സംരക്ഷണമർഹിക്കുന്നു എന്ന ശാസ്ത്രീയമായ വിലയിരുത്തലിന്റെയടിസ്ഥാനത്തിൽ അതിനുവേണ്ട പ്രായോഗിക നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ വിവാദങ്ങളുടേയും ആശങ്കകളുടേയും വേലിയേറ്റത്തിൽ റിപ്പോർട്ടിന്റെ പ്രസക്തിയേക്കുറിച്ചോ യഥാർത്ഥ ഉള്ളടക്കത്തെക്കുറിച്ചോ വേണ്ടത്ര ഗൌരവത്തോടെയുള്ള അക്കാദമികവിചിന്തനങ്ങൾ ഇനിയും ഉയർന്നുവന്നിട്ടില്ല.
ഗാഡ്ഗിലിന്റേത് സമ്പൂർണ്ണമായ ഒരു റിപ്പോർട്ടാണെന്നോ അത് അപ്പടി നടപ്പാക്കണമെന്നോ പ്രസ്തുത റിപ്പോർട്ട് ആവശ്യപ്പെട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു പോലും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കും ഈ റിപ്പോർട്ടിനെ വിലയിരുത്തി അതിനെതിരായി ഉയർന്നുവന്നിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായി ഡോ. കസ്തൂരി രംഗൻ ചെയർമാനായി മറ്റൊരു കമ്മിറ്റിയെക്കൂടി നിയമിച്ചിരിക്കുന്നത്. അതിനാൽത്തന്നെ, സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളിൽ ഏതെല്ലാമാണ് പ്രായോഗികമായിട്ടുള്ളത്, ഏതെല്ലാമാണ് കർഷകരടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ തുടർന്നുപോരുന്ന നാഗരികജീവിതത്തിന് പ്രയാസമുളവാക്കുന്നത് എന്ന് വേർതിരിച്ച് അവയിൽ സ്വീകാര്യമായവ മാത്രം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുക എന്നതായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ സമീപനം.

എന്നാൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ അത് ബന്ധപ്പെട്ട ഇടങ്ങളിലെ സാധാരണ ജനജീവിതത്തിന് വലിയ ഭീഷണിയായിരിക്കുമെന്നുള്ള വ്യാപകമായ പ്രചരണം കേരളത്തിലെമ്പാടും, ഇടുക്കി, വയനാട് പോലുള്ള മലയോരമേഖലകളിൽ പ്രത്യേകിച്ചും വ്യാപകമായി നടക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും പ്രാദേശിക സംഘടനകളും മാത്രമല്ല, മതസംഘടനകളും ഈ പ്രചരണത്തിനു മുമ്പന്തിയിലുണ്ട്. കർഷകർ തങ്ങളുടെ കൃഷിഭൂമിയും ആവാസകേന്ദ്രങ്ങളും വിട്ട് കുടിയിറങ്ങേണ്ടിവരുമെന്നതാണ് പ്രചരിക്കപ്പെടുന്നവയിൽ ഏറ്റവും ഗുരുതരമായ ആക്ഷേപം. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങി ഒരു നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്നും അതുവഴി വികസനപ്രവർത്തനങ്ങളെല്ലാം സ്തംഭനാവസ്ഥയിലാവുമെന്നും ഇതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

വനപ്രദേശങ്ങളിലും പാരിസ്ഥിതികപ്രാധാന്യമുള്ള പ്രദേശങ്ങളിലും പലവിധത്തിലുള്ള കർശനമായ നിരോധനങ്ങളും ഏർപ്പെടുത്തുന്ന 1980ലെ ഇന്ത്യൻ വനനിയമം, വന്യജീവി സംരക്ഷണ നിയമം, സംസ്ഥാനത്തെ ഇ.എഫ്.എൽ നിയമം എന്നിവ കണ്ടുപരിചയിച്ച സാധാരണക്കാരായ മലയോര കർഷകർ ഇത്തരം പ്രചരണങ്ങൾ മൂലം ആശങ്കാകുലരാകുന്നതിൽ അത്ഭുതമില്ല. എന്നാൽ കർഷകരെ കുടിയിറക്കേണ്ടിവരുന്ന ഒരു സാഹചര്യവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാവില്ലെന്നതാണ് വസ്തുത. അതിനേറ്റവും പ്രധാനകാരണം മേൽ സൂചിപ്പിച്ചവയേപ്പോലുള്ള ഏതെങ്കിലും റെസ്ട്രിക്റ്റീവ് നിയമങ്ങൾക്കു കീഴിലല്ല, മറിച്ച് 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം പോലുള്ള ഒരു റെഗുലേറ്ററി നിയമത്തിനു കീഴിലാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക എന്നതാണ്. ഇതിനായി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി (WGEA) എന്ന സംവിധാനവും സൃഷ്ടിക്കും. ഏതെല്ലാം കാര്യങ്ങൾ അനുവദിക്കാവുന്നതാണ്, ഏതെല്ലാം കാര്യങ്ങൾ ആ പ്രദേശത്തിന്റെ തന്നെ ദീർഘകാല നിലനിൽ‌പ്പിനും നന്മയ്ക്കും വേണ്ടി നിരുത്സാഹപ്പെടുത്തണം എന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഈ അതോറിറ്റി നടപ്പിലാക്കേണ്ടത്.
1977നുമുമ്പ് വനഭൂമിയിൽ താമസമാക്കിയവർക്ക് പട്ടയം നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഈ റിപ്പോർട്ട് ഒരു കാരണവശാലും തടസ്സപ്പെടുത്തില്ല. എന്നാൽ ഇനിയുള്ള കൈയ്യേറ്റങ്ങളെ തടയാനുള്ള കർശനമായ നടപടികൾ സ്വീകരിക്കാൻ ഒരുപക്ഷേ സർക്കാരുകൾ നിർബ്ബന്ധിതമായേക്കുമെന്ന് മാത്രം. സിമന്റും കോൺക്രീറ്റുമുപയോഗിച്ചുള്ള നിർമ്മാണരീതികൾ നിരോധിക്കുമെന്നല്ല, മറിച്ച് അവയുടെ ഉപയോഗം പരമാവധി കുറച്ച് മറ്റ് പ്രകൃതിസൌഹൃദ നിർമ്മാണരീതികൾ പ്രോത്സാഹിപ്പിക്കുമെന്നാണ് റിപ്പോർട്ട് അർത്ഥമാക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട അമിതാശങ്കകളുടെ മറ്റൊരു പതിപ്പാണ് ഇപ്പോൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്ന പല നിർദ്ദേശങ്ങളും നമ്മെ സംബന്ധിച്ച് പുതുമയുള്ളതല്ലെന്നതാണ് യഥാർത്ഥ വസ്തുത. പശ്ചിമഘട്ടപ്രദേശങ്ങളിൽ രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ചുകൊണ്ടുള്ള വിനാശകരമായ കൃഷിരീതികളെ നിരുത്സാഹപ്പെടുത്തണമെന്ന നിർദ്ദേശം അത്തരത്തിലുള്ള ഒന്നാണ്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പാസാക്കിയ നയത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായിത്തന്നെ ജൈവകൃഷിയിലേയ്ക്ക് കൊണ്ടുപോകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഗാഡ്ഗിൽ കമ്മിറ്റി വിലക്കുന്ന ജനിതകമാറ്റം നടത്തിയ വിളകളുടെ കാര്യത്തിലും സംസ്ഥാനവ്യാപകമായി നാം ഇതിനോടകം തന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പശ്ചിമഘട്ടമേഖലയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കുക, രാസ വ്യവസായങ്ങൾക്ക് അനുമതി നൽകുക, വലിയ ഖനനപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളും ഗാഡ്ഗിൽ റിപ്പോർട്ട് ഇല്ലെങ്കിലും നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊക്കെ എടുത്തുപറയുന്ന ഒരു റിപ്പോർട്ട് അസ്വീകാര്യമാവുന്നത് നമുക്ക് നമ്മുടെ പ്രഖ്യാപിതനയങ്ങളോട് പോലും ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണെന്ന് ആരെങ്കിലും വിശ്വസിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് ഏറ്റവുമധികം വിമർശനം നേരിടേണ്ടിവന്നിരിക്കുന്നത് അതിൽ പല പ്രദേശങ്ങളേയും അവയുടെ പാരിസ്ഥിതികപ്രാധാന്യമനുസരിച്ച് മൂന്ന് മേഖലകളിലായി(Ecologically Sensitive Zones) തിരിച്ച രീതിമൂലമാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇ.എസ്.സെഡ് 1ൽ കേരളത്തിലെ പതിനഞ്ച് താലൂക്കുകളും ഇ.എസ്.സെഡ് 2ൽ രണ്ട് താലൂക്കുകളും ഇ.എസ്.സെഡ് 3ൽ എട്ട് താലൂക്കുകളും ഉൾപ്പെടുന്നു.
എന്നാൽ വിവിധ സോണുകളിലായി തിരിക്കുന്ന ഈ പ്രക്രിയകൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധപ്പെട്ട താലൂക്കുകൾ മുഴുവനായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾക്കുകീഴിൽ വരുന്നു എന്നതല്ല, മറിച്ച് ഏറ്റവും സംരക്ഷണമൂല്യമുള്ളതായി കണ്ടെത്തിയ പ്രദേശങ്ങൾ ഏതൊക്കെ താലൂക്കുകളിൽ ഉൾപ്പെടുന്നു എന്ന് മാത്രമാണ്. ഓരോ താലൂക്കുകൾക്കുള്ളിലും ഏതേത് പ്രദേശങ്ങളാണ് ഇത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ടതെന്ന് സർക്കാരിനും ഗ്രാമസഭകളടക്കമുള്ള പ്രാദേശികസംവിധാനങ്ങൾക്കും ജനപങ്കാളിത്തത്തോടെ പിന്നീട് തീരുമാനിക്കാവുന്നതേ ഉള്ളൂ. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള നെടുമങ്ങാട്‌ താലൂക്ക് ഇ.എസ്.സെഡ് 1ൽ ഉൾപ്പെടാൻ കാരണം ആ താലൂക്കിലെ അമ്പത് ശതമാനത്തിലേറെ ഭൂപ്രദേശം ഇപ്പോൾത്തന്നെ പശ്ചിമഘട്ടത്തിന്റെ ഭാഗമായതുകൊണ്ടാണ്. എന്നാൽ അതേ താലൂക്കിലെ വട്ടിയൂർക്കാവ് പട്ടണമടക്കമുള്ള പ്രദേശങ്ങൾ ഈ ഭൂപരിധിക്ക് പുറത്തായതുകൊണ്ട് അവിടങ്ങളിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ബാധകമാകില്ല.

യഥാർത്ഥത്തിൽ വികസനകാര്യത്തിൽ ഇത്തരത്തിലുള്ള പ്രാദേശികമായ ആസൂത്രണത്തിന്റെ അഭാവമാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ പരിസ്ഥിതി സൌഹൃദപരമായതും നിലനിൽക്കുന്നതുമായ ഒരു പുതിയ വികസനസങ്കൽ‌പ്പത്തെക്കുറിച്ചുള്ള ഗൌരവതരമായ ചർച്ചകൾക്കും അതിന്റെയടിസ്ഥാനത്തിലുള്ള നയരൂപീകരണങ്ങൾക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന ഒരു പ്രബുദ്ധസമൂഹമെന്ന നിലയിൽ ഓരോ പ്രദേശത്തിന്റേയും പാരിസ്ഥിതികവും ജനവാസസ്വഭാവപരവുമായ പ്രത്യേകതകൾ വിലയിരുത്തിക്കൊണ്ടുള്ള സമഗ്രനയരൂപീകരണങ്ങൾക്കാണ് നാം സ്വമേധയാ മുൻ കൈയ്യെടുക്കേണ്ടത്. നെൽ വയലുകളുടേയും തണ്ണീർത്തടങ്ങളുടേയും കുന്നുകളുടേയും സംരക്ഷണവും അതുവഴി പുഴകളിലെ നീരൊഴുക്കും ഉറപ്പുവരുത്തുന്ന ഒരു വികസനപരിപ്രേക്ഷ്യം കേരളത്തിന്റെ ഇടനാടിനു വേണ്ടിയും ഇത്തരത്തിൽ നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്. കടലാക്രമണവും ഓരുവെള്ളം കയറുന്നതും പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന നമ്മുടെ തീരദേശത്തിനും മത്സ്യത്തൊഴിലാളികളടക്കമുള്ള തദ്ദേശീയജനതയുടെ ജീവനോപാധികൾ സംരക്ഷിച്ചുകൊണ്ടുള്ള സവിശേഷമായ വികസനതന്ത്രങ്ങൾ ആവശ്യമാണ്.

ഒരു ആധുനിക ഭരണനിർവ്വഹണ രീതിയിലേയ്ക്കും അതിനാവശ്യമായ പരിസ്ഥിതി സൌഹൃദ നയരൂപീകരണങ്ങളിലേയ്ക്കും നമ്മുടെ നാട് മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും അതിനുള്ള വ്യക്തമായ ഒരു കർമ്മപദ്ധതി നിർദ്ദേശിക്കുകയുമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലിരിക്കുന്ന വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ആർക്കും എങ്ങനെവേണമെങ്കിലും ‘വികസി‘ക്കാം എന്നതാണ്. എല്ലാവർക്കും തുല്യാവകാശമുള്ള പരിമിതമായ പൊതുവിഭവങ്ങളും പൊതുസേവനങ്ങളുമാണ് ഇത്തരം പ്രവർത്തനങ്ങൾക്കൊക്കെ ഉപയോഗപ്പെടുത്തുന്നതെങ്കിലും അതിന്റെ പ്രയോജനം ചിലർക്കുമാത്രമായി പരിമിതപ്പെടുന്ന സാഹചര്യം നമ്മുടെ കണ്മുന്നിലുണ്ട്. ദീർഘകാല പ്ലാനിങ്ങിന്റെ അഭാവത്തിലുള്ള വ്യക്തികേന്ദ്രീകൃത വികസനദുരന്തങ്ങൾ നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഇക്കാലത്തെങ്കിലും നമുക്ക് നാളെയെക്കുറിച്ചുള്ള ഉണർവ്വിലേക്ക് വളർന്നേ പറ്റൂ.

വി. ടി. ബൽറാം എം.എൽ.എ.