Friday 12 October 2012

നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ

Click to read ENG Version

അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെ കേരളം കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും പെയ്യുന്ന മഴ , കടുത്ത ചൂട് ,അതിവര്‍ഷം ഇതായി മാറിയിരിക്കുന്നു നമ്മുടെ കാലാവസ്ഥ.കൃഷിയും കുടിവെള്ള വിതരണത്തെയും വൈദുതി ഉത്പാതനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് കാലാവസ്ഥയുടെ ഈ തകിടം മറിച്ചില്‍.ഇനിയെങ്കിലും ഓരോ തുള്ളി വെള്ളവും അമൂല്യമായി കരുതിയെ മതിയാവൂ.എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കപെടണം.ഇതില്‍ ഏറ്റവും പ്രധാനം ജലസ്രോതസ്സായ നദികളുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ്.

44 നദികള്‍,അനേകം ചെറു കൈവഴികളും,തോടുകളും,അരുവികളും ചേര്‍ന്ന ബ്രുഹത്തായ ഒരു ജല നെറ്റ് വര്‍ക്ക് തന്നെയാണ് കേരളത്തിനുള്ളത്.365 ദിവസവും തെളിനീര്‍ ലഭിച്ചിരുന്ന കാലം വളരെ പണ്ടായിരുന്നില്ല.ജലത്തിന്റെ മൂല്യം മനസ്സിലാക്കാതെയുള്ള വിവിധ തരാം പ്രവര്‍ത്തനങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കൈവരിച്ചു കഴിഞ്ഞു .കേരളത്തിന്റെ ജലസുരക്ഷ തന്നെ അപകടത്തിലാക്കുകയും ചെയ്തു .

സംസ്ഥാനത്ത് 44 നദികളുള്ളതുകൊണ്ട് നമുക്ക് വെള്ളവും ,വൈദ്യുതിയും സുലഭമാണെന്ന തെറ്റായ പാOഭാഗങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് നമ്മള്‍ . മാത്രമല്ല .ജലക്ഷാമം ഒരിക്കലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് കരുതി 999 വര്‍ഷത്തേക്ക് തമിഴ്നാടുമായി ജലം നല്‍കാനുള്ള പാട്ടകരാര്‍ ഒപ്പ് വച്ച ഭരണാധികാരികളും ഉധ്യോഗസ്ഥരും കേരളത്തില്‍ ഉണ്ടായിരുന്നു .എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ് ?

44 നദികളില്‍ പലതും വറ്റിവരണ്ടു ,ഒഴുക്ക് നിലച്ചു മൃതുപ്രായമായി കിടക്കുന്നു .പല നദികളിലെയും ഭൂഗര്‍ഭ ജലവിതാനം താഴേക്കു പോയികൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ നര്‍മ്മദാ നദിയിലുള്ളത്രയും വെള്ളം കേരളത്തിലെ 44 നദികളിലും കൂടിയില്ല .വളരെ കുറച്ചു ജലസ്രോതസ്സുകള്‍ മാത്രമുള്ള സംസ്ഥാനമാണ് കേരളം .41 നദികളും കിഴക്കുനിന്നു ഉത്ഭവിച്ചു അറബികടലില്‍ പതിക്കുകയാണ് .കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ഈ നദികളിലോന്നും വെള്ളം ഏറെ നേരം നില്‍ക്കുന്നില്ല .ലഭ്യമായ ജലം രൂക്ഷമായ മലിനീകരണത്തിന് വിധേയമാവുകയാണ് .കടുത്ത വരള്‍ച്ചയും ,കുടിവെള്ള ക്ഷാമവും ,കൃഷി നാശവും നമ്മെ കാത്തിരിക്കുന്നു.

നദികളുടെ എല്ലാം ഉത്ഭവസ്ഥാനം പശ്ചിമഘട്ട മലനിരകളാണ്‌ .ഈ വലിയ ക്യാച്ച്മെന്റ്റ് പ്രദേശത്ത് നിന്നാണ് കേരളത്തിന്‌ ആവശ്യമായ വെള്ളം ഒഴുകിയെത്തുന്നത് .ഇവിടത്തെ വനപ്രദേശങ്ങള്‍ സ്വാഭാവിക പുല്‍മേടുകള്‍ ,ചതുപ്പുകള്‍ ,താഴ്വാരങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നാണ് പെയ്തിറങ്ങുന്ന മഴയെ തടഞ്ഞു നിര്‍ത്തുന്നതും ഭൂഗര്‍ഭജലമാക്കി മാറ്റുന്നതും, നദികളുടെയും അരുവികളുടെയും ഉറവിടമാക്കി മാറ്റുന്നതും .മഴകാറ്റുകളെ തടഞ്ഞു നിര്‍ത്തി തണുപ്പിച്ചു മഴയാക്കി മാറ്റുന്നതും കിഴക്കന്‍ മലനിരകളിലെ കാടുകളാണ് .പശ്ചിമ ഘട്ടത്തില്‍ അവശേഷിക്കുന്ന വനങ്ങളും സ്വാഭാവിക ആവാസ വ്യവസ്ഥകളും എന്ത് വിലകൊടുത്തും സംരക്ഷിച്ചാലേ നമ്മുടെ നദികളെ സമ്പൂര്‍ണ നാശത്തില്‍ നിന്നും ,കേരളത്തെ മരുവത്ക്കരണത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും സംരക്ഷിക്കാനാവൂ .

ഇടനാട്ടിലെ ബഹുവിളതോട്ടങ്ങള്‍ ,കൃഷിയിടങ്ങള്‍ ,വയലുകള്‍ , തണ്ണീര്‍ത്തടങ്ങള്‍ ,ഇടനാടന്‍ കുന്നുകള്‍ എന്നിവയുടെ സംരക്ഷണവും നദികളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ് .തുറസ്സായ സ്ഥലങ്ങളും ,കുളങ്ങളും ,തോടുകളും,വയലുകളും ,അനേകം മരങ്ങളും ചെടികളും ചേര്‍ന്നുള്ള ജൈവ വൈവിധ്യം സംരക്ഷിക്കപെടണം എങ്കിലേ കേരളമെന്ന ലോലമായ ആവാസ വ്യവസ്ഥ സംരക്ഷിക്കപെടുകയും ജലസുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയുള്ളു .

ജലസുരക്ഷ ഉറപ്പാക്കിയാലെ ഭക്ഷ്യ സുരക്ഷയും ജീവിതത്തിന്റെ നില നില്‍പ്പും സാധ്യമാവുകയുള്ളു. ആഗോള താപനവും ,കാലാവസ്ഥാ മാറ്റവും ,കാലവര്‍ഷത്തിന്റെ അളവും ,ഗതിയും തന്നെ മാറ്റി മറിക്കുന്ന സാഹചര്യത്തില്‍ ,ഓരോ തുള്ളിയും സംരക്ഷിക്കപെടണം .ഓരോ സ്വാഭാവിക ജലസ്രോതസ്സും ദേശീയ സ്വത്തായി സൂക്ഷിക്കപെടണം.ഇതിന്റെ ആദ്യ പടിയായാണ് നദികളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാ ആവശ്യം ഞങ്ങള്‍ ഉന്നയിക്കുന്നത് .

വ്യാവസായിക മാലിന്യങ്ങള്‍ ,നഗരമാലിന്യങ്ങള്‍ ,കശാപ്പുശാലകള്‍ ,ഹോട്ടലുകള്‍ എന്നിവയില്‍ നിന്നുള്ള അവശിഷ്ട്ടങ്ങള്‍ ,ആശുപത്രികളില്‍ നിന്നുള്ള രോഗം പരത്തുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ,നദികളുടെ സമീപത്തുള്ള വീടുകളില്‍ നിന്നും മറ്റു വാസസ്ഥലങ്ങളില്‍ നിന്നും പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ,കൃഷിസ്ഥലത്ത്‌ നിന്നും
ഒഴുകി വരുന്ന കീടനാശിനികള്‍ ,ക്രമാതീതമായ പ്ലാസ്റ്റിക്‌ ...ഇവയെല്ലാം നമ്മുടെ നദികളെ മലിനമാക്കുന്നു ,അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം നദികളുടെ അടിത്തട്ടു കടലിറെ അടിതട്ടിനെക്കാള്‍ ആഴമായിരിക്കുന്നു .ഇത് കടലില്‍ നിന്നും ഉപ്പുവെള്ള നദിയിലെക്കൊഴുകി ജലസ്രോതസ്സുകളെയും ജലസേചന സംവിധാനങ്ങളെയും തകരാറിലാക്കുന്നു .

മലിനീകരണം വര്‍ധിക്കുന്നതുമൂലം മത്സ്യങ്ങളുടെ കൂട്ടകുരുതിയാണ് നടക്കുന്നത് . ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും ചെയ്യുന്നു .ഇത് മത്സ്യ തൊഴിലാളികളെയും ,കര്‍ഷകരെയും പട്ടിണിയിലേക്ക്‌ തള്ളിവിടുന്നു . നദികള്‍ ഉത്ഭവിക്കുന്ന വന പ്രദേശങ്ങളിലെ ആദിവാസികള്‍ ,മത്സ്യതൊഴിലാളികള്‍,കൃഷിക്കാര്‍ തുടങ്ങി നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ഇരുകരകളിലുള്ള പാര്‍ശ്വ വത്കരിക്കപെട്ട ജനപഥങ്ങളെ കൂടി നദിയുടെ ഭാഗമായി കാണണം.

നമ്മുടെ നദികളില്‍ ധാരാളമായി തടയണകളും,കുടിവെള്ള പ്ലാന്റുകളും ,ലിഫ്റ്റ്‌ ഇറിഗേഷന്‍ പമ്പുകളും സ്ഥാപിച്ചിരിക്കുന്നു .ജലവിനിയോഗത്തിന്റെ പരിമിതികള്‍ (water use efficiency) അറിയാതെ അശാസ്ത്രീയമായാണ്‌ ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നത് .

സംസ്ഥാനത്ത് നദികളുടെ അവകാശം ഏതു വകുപ്പിനാണെന്ന് സര്‍ക്കാരിന് പോലും അറിയില്ല .നദിയുടെ അടിത്തട്ടിലുള്ള മണല്‍ റവന്യു വകുപ്പിന്റെ ,ജലം ജലവകുപ്പിന്റെ , മത്സ്യത്തിന്റെ കാര്യം നോക്കുന്നത് ഫിഷറീസ് . വന മേഖലയില്‍ വനം വകുപ്പും .അല്ലാത്തിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശമുയര്‍ത്തുന്നു ജല വൈദ്യുത പദ്ധതികളുടെ സംരക്ഷണം ഊര്‍ജ്ജവകുപ്പിനാണ് .അതുകൂടാതെ നദികളുടെ പ്രവര്‍ത്തനവുമായി മലിനീകരണ നിയന്ത്രണം ,ആരോഗ്യ - കുടുംബക്ഷേമം,കൃഷി ,ആഭ്യന്തരം ,പൊതുമരാമത്ത് തുടങ്ങിയ നിരവധി വകുപ്പുകളും ബന്ധപെട്ടിരിക്കുന്നു .

എന്നാല്‍ ഈ വകുപ്പുകള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ഏകോപനവും ഇന്ന് നിലവിലില്ല .

ഒരു ഡസനിലധികം വരുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അസാധ്യമാണ് .അതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ,മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെയും എകോപിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് സ്ടാട്ട്യൂട്ടരി അധികാരങ്ങളുള്ള ഒരു നദീ തട അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപെടുന്നു.

1. ഒറ്റ യൂണിറ്റായി കണക്കാക്കണം.

നദികളുടെ ഉത്ഭവസ്ഥാനം മുതല്‍ അത് കടലില്‍ പതിക്കുന്നതുവരെയുള്ള പ്രദേശം ,വനം ,മത്സ്യസമ്പത്ത് ,ജലസ്രോതസു ,ജൈവ വൈവിധ്യം ,നധീതടങ്ങളിലെ കൃഷി ,നദികള്‍ കൊണ്ട് ഉപജീവനം നടത്തുന്ന ജനസമൂഹം എന്നിവയെല്ലാം ചേര്‍ന്ന യൂണിറ്റായി ഓരോ നദിയും കണക്കാക്കണം .

2. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ക്കായി ഡാറ്റാബാങ്ക് രൂപീകരിക്കണം .

a) വനമേഖലയിലെ വിവരണങ്ങള്‍

നദിയുടെയും നദിതടത്തിന്റെയും ഉപഗ്രഹ മാപ്പ് ,നദികളുടെ ക്യാച്ച്മെന്റ്റ് ഏരിയയിലെ ജലലഭ്യത ,കാട്ടുതീ മൂലമുണ്ടാകുന്ന ചാരമുള്‍പ്പടെ നദിയിലേക്ക് വരുന്നത് ,മരങ്ങള്‍ വെട്ടിമുറിക്കുന്നത് വഴിയുള്ള പ്രശ്നങ്ങള്‍ ...തുടങ്ങിയവയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അതോറിറ്റിയില്‍ ഉണ്ടാകണം .

b) ഒഴുകുന്ന നദി

വ്യാപകമായി സ്ഥാപിക്കുന്ന തടയണകള്‍ ,വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുമ്പോള്‍ ഒഴുക്കിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പൊതുവായി ഒഴുക്ക് കുറയുന്നത് , എത്ര ഘനയടി വെള്ളം ഒരു മിനിറ്റില്‍ ഒഴുകിയെത്തുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങളും ,വിവരണങ്ങളും ഉണ്ടാകണം ഗംഗാ നദിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ സ്ഥാപിച്ച ഇത്തരത്തിലുള്ള 353 ഹൈഡ്രോളജിക്കല്‍ സ്റ്റേഷനുകള്‍ ഉണ്ട് .ഈ മാതൃക കേരളവും പിന്തുടരണം.

c) കാലാവസ്ഥയുമായി ബന്ധപെട്ടത്‌ .(Meteorological data)

മഴയുടെ ലഭ്യത ,ക്യാച്ച്മെന്റ്റ് ഏരിയായിലും ,നദിയുടെ വിവിധ ഭാഗങ്ങളിലും ഒരു വര്ഷം ലഭിക്കുന്ന മഴയുടെ അളവ് ,കടലിളി പതിച്ചു നഷ്ട്ടപെടുന്നത് ,തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപെട്ട വിവരങ്ങള്‍ ലഭ്യമാക്കണം .

d) നദിതീരത്തെ ജന സമൂഹങ്ങള്‍

ആദിവാസികള്‍ ,മത്സ്യത്തൊഴിലാളികള്‍ ,കര്‍ഷകര്‍ ,സാധാരണക്കാര്‍ തുടങ്ങി നദികളെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ,വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍ .

e) ജലലഭ്യതയുടെ പരിമിതികള്‍ നദിയിലെ ചെറുതും ,വലുതുമായ ജലസേചന പദ്ധതികള്‍ ,കുടിവെള്ള പദ്ധതികള്‍ ,വെള്ളമെടുക്കുന്നതിന്റെ അളവ് ,പദ്ധതികളുടെ പരമാവതി കപ്പാസിറ്റി ,ഗുണഭോക്താക്കളുടെ എണ്ണം തുടങ്ങിയ ഡാറ്റ വേണം .

f) കാര്‍ഷിക രീതികള്‍

നദിതടങ്ങളിലെ കാര്‍ഷിക രീതികള്‍ ,കീടനാശിനി ഉപയോഗം ,ജൈവകൃഷി തുടങ്ങിയ വിവരങ്ങള്‍ .

g) ഭൂവിനിയോഗം

ഭൂമി നികത്തുന്നത് ,കരകള്‍ കയ്യേറുന്നത് ,പാര്‍ശ്വങ്ങള്‍ ഇടിയുന്നത് ,സമീപത്തുള്ള ഇഷ്ട്ടിക കളങ്ങള്‍,ചതുപ്പ് നിലങ്ങളുടെ രൂപമാറ്റങ്ങള്‍ തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍

h) മലിനീകരണത്തിന്റെ ഉറവിടങ്ങള്‍

കാര്‍ഷികമേഖലയിലെ കീടനാശിനികള്‍ ,വ്യവസായ ശാലകളിലെ രാസമാലിന്യങ്ങള്‍ ,സാനിറ്റേഷന്‍ സൌകര്യങ്ങളുടെ അപര്യാപ്തത മൂലം നദികളിലേക്ക് ഒഴുകിയെത്തുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ ,അതുമൂലം ഉണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് ,ഗാര്‍ഹിക മാലിന്യം ,ഹോട്ടലുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം ,ഉപ്പുവെള്ളം തുടങ്ങിയ മലിനീകരണ ഉറവിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ .

i) മണല്‍ ബജറ്റിംഗ്

നദികളുടെ അടിത്തട്ടിലെ മണലിന്റെ അളവ് ,അതില്‍ എത്ര മാത്രം മണല്‍ വാരുന്നതിന് അനുമതി കൊടുക്കാം തുടങ്ങിയ ശാസ്ത്രീയ വിവരങ്ങള്‍

j) വാട്ടര്‍ ടൂറിസം

അമ്യുസ്മെന്റ്റ് പാര്‍ക്കുകള്‍ക്കും മറ്റും വേണ്ടി എടുക്കുന്ന വെള്ളത്തിന്റെ അളവ് ,ട്രീറ്റ്‌ ചെയത് തിരിച്ചു വരുന്ന വെള്ളത്തിന്റെ അളവ് ,തുടങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ 1973 ഇല്‍ ലോകത്തിലാദ്യത്തെ നദിസംരക്ഷണ നിയമമായ തെംസ് റിവര്‍ അതോറിറ്റി ബില്‍ പാസ്സായി .1986 ഇല്‍ ഗംഗ റിവര്‍ അതോറിറ്റി രൂപവല്‍ക്കരിക്കപെട്ടു . പ്രാദേശികമായ സവിശേഷതകളും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട്‌ നമുക്കൊരു സമഗ്രമായ നദിതട അതോറിറ്റി നിയമം ആവശ്യമാണ് . കേന്ദ്ര കടുവാ സംരക്ഷണ അതോറിറ്റിയുടെ ഘടനയും ,ഗംഗ ആക്ഷന്‍ പ്ലാന്‍ സംവിധാനവും പഠനവിധേയമാക്കിയ ശേഷമാകണം സ്ടാട്ട്യൂട്ടരി അതോറിറ്റിക്ക് രൂപം നല്‍കേണ്ടത് .അത് മറ്റൊരു സര്‍ക്കാര്‍ വകുപ്പാകരുത് .അതോറിറ്റിക്ക് കീഴില്‍ സ്ഥിരം ശാസ്ത്ര വിഭാഗവും സംരക്ഷണ വിഭാഗവും വേണം . നദികളുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളും അതോറിറ്റിക്ക് കീഴിലാകണം . നദികളില്‍ മലിനീകരണം, അനധികൃതമായും അശാസ്ത്രീയമായും മണലെടുപ്പ് നടത്തി നദികളുടെ പാരിസ്ഥിതികാവസ്ഥ തകര്‍ക്കല്‍, കൈയ്യേറ്റമടക്കമുള്ള നിയമലംഘനം എന്നിവക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ വേണ്ടിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ് .

ആക്ഷന്‍ പ്ലാന്‍

1. വരുന്ന ഒരു വര്‍ഷത്തിനകം Statutory അധികാരങ്ങളുള്ള സമഗ്രമായ ഒരു നദിതട അതോറിറ്റി നിയമം നിയമസഭയില്‍ പാസ്സാക്കണം .അതിനു വേണ്ടി ശക്തമായ സമ്മര്‍ദ്ദവും പ്രചാരണവും നടത്തും

2. നെയ്യാറില്‍ നിന്ന് ചന്ദ്രഗിരി വരെ

നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ എന്നാ പുതിയ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്.പമ്പ,പെരിയാര്‍,മണിമലയാര്‍,ചാലക്കുടി പുഴ,നിള,ചാലിയാര്‍,വളപട്ടണംപുഴ ,ചന്ദ്രഗിരി പുഴ..ഇങ്ങനെ വലുതും ,ചെറുതുമായ നദികളുടെ തീരങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളും ജന പ്രതിനിധികളുമായി ആശയവിനിമയം നടത്തി,പരിസ്ഥിതി സംഘടനകള്‍ ശാസ്ത്രസമൂഹം എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി ക്രോഡീകരിച്ചാവും പദ്ധതി മുന്നോട്ട് പോകുക.Statutory River Authority ,ശക്തമായ നിയമനിര്‍മ്മാണം എന്നിവയ്ക്കൊപ്പം ആദ്യഘട്ടത്തില്‍ നെയ്യാര്‍ ,പമ്പ ,പെരിയാര്‍,നിള എന്നിവയുടെ സംരക്ഷണത്തിനുള്ള വിശദമായ പ്ലാന്‍ തയ്യാറാക്കാനും ഉദ്ദേശിക്കുന്നു .കേരളത്തിനകത്തും ,പുറത്തുമുള്ള സുമനസ്സുകളുടെ ,വിദഗ്ദ്ധരുടെ ,ശാസ്ത്രജ്ഞരുടെ സഹായവും സഹകരണവും ഉണ്ടാകണം .ഹരിത രാഷ്ട്രീയം , നയരൂപീകരണവും ഇടപെടലുകളും മാത്രമല്ല ,കേരളം നേരിടുന്ന ചില വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനുള്ള എളിയ പരിശ്രമം കൂടി ആയി മാറുകയാണ് .നമ്മുടെ പൊതു സ്വത്തു ,ഭൂമിയും ,മണ്ണും ,ജലവും എല്ലാവാരുടെതുമാണെന്നും അവ എല്ലാവര്ക്കും വേണ്ടി സംരക്ഷിക്കപെടണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് ,കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .

"He who hears the rippling of the rivers in these dengenerate days will not utterly despair"-Henry David Thoreau {1817-62}