Tuesday, 21 August 2012
Monday, 20 August 2012
Saturday, 18 August 2012
നവ തിരുത്തല്‍വാദികളുടെ ഹരിത രാഷ്‌ട്രീയം-P.Surendran
നവ തിരുത്തല്‍വാദികളുടെ ഹരിത രാഷ്‌ട്രീയം
കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുസ്ലിംലീഗിലുമൊക്കെ ജനാധിപത്യത്തിന്റെ ഇടം വിശാലമാണ്. അതിനാല്‍ ഡി.വൈ.എഫ്.ഐക്കൊക്കെ സംഭവിച്ച ഗതികേട് യൂത്ത് കോണ്‍ഗ്രസിനും യൂത്ത് ലീഗിനുമില്ല.
യൂത്ത്‌കോണ്‍ഗ്രസ് തിരുവനന്തപുരത്തുവച്ച് നടത്തിയ പഠനക്യാമ്പില്‍ ഇത്തവണ ഞാനും ഒരു പ്രഭാഷകനായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പഠനക്യാമ്പിലേക്ക് എന്നെ ക്ഷണിച്ചത്. എന്നെ മാത്രമല്ല സച്ചിതാനന്ദന്‍, സി.ആര്‍. നീലകണ്‌ഠന്‍, കല്‌പറ്റ നാരായണന്‍ എന്നിവരെയൊക്കെ ക്യാമ്പിലേക്ക് പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു. ഞങ്ങളാരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹയാത്രികരല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോടു പലഘട്ടത്തിലും വിമര്‍ശനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരാണ്. ഈ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളും ഞങ്ങളില്‍ പലരും പൊതുവേദിയില്‍ ഉന്നയിക്കുകയും ചെയ്യുന്നു. എന്നിട്ടും യൂത്ത് കോണ്‍ഗ്രസിന്റെ പഠനക്യാമ്പിലേക്ക് ഞങ്ങളെപ്പോലുള്ളവരെ ക്ഷണിക്കാന്‍ ആര്‍ജവം കാണിച്ചതു കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യുവനിരയില്‍ കാണുന്ന മാറ്റത്തിന്റെ സൂചന കൂടിയാണ്.
മാതൃ പാര്‍ട്ടിയോടുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയില്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നു. സര്‍ക്കാരിനോടുള്ള വിമര്‍ശനങ്ങളും അവര്‍ മറച്ചുവയ്‌ക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുസ്ലിംലീഗിലുമൊക്കെ ജനാധിപത്യത്തിന്റെ ഇടം വിശാലമാണ്. അതിനാല്‍ ഡി.വൈ.എഫ്.ഐക്കൊക്കെ സംഭവിച്ച ഗതികേട് യൂത്ത്‌കോണ്‍ഗ്രസിനും യൂത്ത്‌ലീഗിനുമില്ല. എന്നാല്‍, ഡി.വൈ.എഫ്.ഐ. നേതാക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്‌ടം തോന്നും. എത്രയോ ചെറുപ്പക്കാര്‍ ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ പെട്ടി ചുമക്കുന്നവര്‍ക്കു മാത്രമേ എം.എല്‍.എയും എം.പിയുമൊക്കെയാകാന്‍ സാധ്യമാവൂ എന്നു വന്നാല്‍ ധിഷണശാലികള്‍ പുറത്താക്കപ്പെടും.
ധിഷണാശാലികളായ ചെറുപ്പക്കാര്‍ക്ക് ഒരിക്കലും അഹങ്കാരം നിറഞ്ഞ വൃദ്ധനേതൃത്വത്തിനു പിന്നില്‍ പേടിയോടെ ചൂളി നില്‍ക്കാനാവില്ല. ക്ഷോഭവും നിഷേധവുമായിരിക്കണം യുവത്വത്തിന്റെ കരുത്ത്. തന്റെ ധിഷണയും സര്‍ഗാത്മക ബോധ്യങ്ങളുമൊക്കെ ജയരാജന്മാരുടെ കാല്‍ക്കല്‍ അടിയറ വെച്ച ഒരു എം.എല്‍.എയാണ് ഇപ്പോള്‍ അഴിയെണ്ണുന്നത്. വി.ടി. ബല്‍റാമിനോ വി.ഡി. സതീശനോ കെ.എം. ഷാജിക്കോ അവരുടെ പാര്‍ട്ടിയിലുള്ള സ്വാതന്ത്ര്യം ശ്രീരാമകൃഷ്‌ണന് സി.പി.എമ്മില്‍ കിട്ടില്ല. യൂത്ത്‌ലീഗിന്റെ സംസ്‌ഥാന അധ്യക്ഷനായ സാദിഖലിക്ക് കുഞ്ഞാലിക്കുട്ടിക്കെതിരേ പോലും വിമര്‍ശനാത്മക നിലപാടുകള്‍ കൈക്കൊണ്ട് ആ പാര്‍ട്ടിയില്‍ നില്‍ക്കാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.ടി. ബല്‍റാമിനു തന്റേതായ അഭിപ്രായമുണ്ടായിരുന്നു. അത് യു.ഡി.എഫിലെ ഘടകകക്ഷികളുടെ അഭിപ്രായമായിരുന്നില്ല. അണക്കെട്ടിനു ബദല്‍ നിര്‍ദേശിച്ച പരിസ്‌ഥിതി വാദികളുടെ അഭിപ്രായമായിരുന്നു. വികസനത്തിന്റെ ഹരിത പരിപ്രേഷ്യത്തെക്കുറിച്ച് വേറിട്ട നിലപാടുകളുള്ള യുവനേതാവാണ് ബല്‍റാം. ടി.വി. രാജേഷിനെപ്പോലുള്ള യുവനേതാക്കളെയല്ല ഭാവി കേരളം ആവശ്യപ്പെടുന്നത്. മറിച്ച് ബല്‍റാമിനേയും കെ.എം. ഷാജിയേയും വിഷ്‌ണുനാഥിനേയും ലിജുവിനേയും പോലുള്ളവരെയാണ്.
ഓരോ വിഷയത്തിലും ഈ ചെറുപ്പക്കാര്‍ക്ക സ്വന്തമായ പഠനവും വിചാരവും ബോധ്യങ്ങളുമുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് ക്യാമ്പില്‍ ലിജു സംസാരിക്കുമ്പോള്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ സ്വീകരിക്കും. കൊലപാതക രാഷ്‌ട്രീയത്തിനെതിരേ തെരുവില്‍ നിന്നുകൊണ്ട് ടി. സിദ്ധിക്ക് ആഞ്ഞടിക്കുമ്പോള്‍ പൊതു സമൂഹത്തിന് ആ യുവാവില്‍ വലിയ പ്രതീക്ഷയുണ്ടാവും. കെ.എം. ഷാജി യൂത്ത് ലീഗിന്റെ പ്രസിഡന്റായ കാലത്താണു ചെങ്ങറയിലേക്ക് ഓണയാത്ര സംഘടിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി രംഗത്തു വരുന്നത്. കണ്ടല്‍ തീംപാര്‍ക്കിന്റെ പേരില്‍ കണ്ടല്‍ വനങ്ങള്‍ നശിപ്പിക്കുന്നതിനെതിരേ സമരം സംഘടിപ്പിക്കുന്നത്. ഇതൊക്കെ ലീഗിന്റെ ചരിത്രത്തിലെ വ്യത്യസ്‌തമായ നിലപാടുകളായിരുന്നു. സി.പി.എം. കോട്ടയില്‍ ഈ യുവാവ് ജയിച്ചു കയറിയതിന്റെ കാരണവും അദ്ദേഹത്തിന്റെ വേറിട്ട നിലപാടുകള്‍ തന്നെയാണ്.
ഇപ്പോള്‍ ബല്‍റാമും ഷാജിയും ഹൈബി. ഈഡനും ടി.എന്‍. പ്രതാപനും വി.ഡി. സതീശനും ഒക്കെ ചേര്‍ന്ന് ഹരിതാവബോധം നിറഞ്ഞ ഒരു രാഷ്‌ട്രീയം മുന്നോട്ടു വയ്‌ക്കുകയാണ്. പുതിയ കാലഘട്ടത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാതെ ഇനി ഒരു രാഷ്‌ട്രീയക്കാരനും മുന്നോട്ടു പോകാനാവില്ല എന്ന സന്ദേശം കൂടിയാണ് ഈ ചെറുപ്പുക്കാരുടെ കൂട്ടായ്‌മ. വികസനമെന്നത് പരിസ്‌ഥിതി വിരുദ്ധമാവുമ്പോള്‍ ചില കരുതലുകള്‍ ആവശ്യമാണ്. ടി.എന്‍. പ്രതാപന്‍ എഴുതിയ കത്ത് മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ജൈവ രാഷ്‌ട്രീയത്തിന്റെ അനിവാര്യമായ ആകുലതകള്‍ പങ്കിടുന്നുണ്ട്. മാധവ് ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ പഠനനിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടു സഹ്യപര്‍വതത്തെ ഇനി സ്‌പര്‍ശിക്കാനാവില്ല. സഹ്യപര്‍വതമെന്നത് മലയാളിയുടെ മാത്രം സമ്പത്തല്ല. ലോകത്തിന്റെ മുഴുവനുമാണ്. ഭാവി തലമുറയ്‌ക്കായി അതു കരുതിവെച്ചേ പറ്റൂ.
ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം വികസനവും കരുതലും എന്നാവുമ്പോള്‍ ആ കരുതല്‍ പാരിസ്‌ഥിതിക ജാഗ്രതയാണ്. സുസ്‌ഥിര വികസന സങ്കല്‍പ്പമാണ്. കാലാവസ്‌ഥാ വ്യതിയാനം നദികളെയൊക്കെ വറ്റിച്ചുകളയുന്ന കാലഘട്ടത്തില്‍ ഊര്‍ജത്തിന്റെ ബദലുകള്‍ അന്വേഷിക്കേണ്ടതിനു പകരം വീണ്ടും ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി മുറവിളി കൂട്ടി പരിഹാസ്യരാവുകയാണു നമ്മള്‍. എണ്‍പതുകളുടെ ആദ്യത്തിലൊക്കെ പരിസ്‌ഥിതി വാദികള്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. ആരാധ്യനായ നായനാര്‍ പോലും സൈലന്റ് വാലിക്കെതിരേ നിലപാടെടുത്തു. മാര്‍ക്‌സിസത്തെ പാരിസ്‌ഥിതികമായ ഉണര്‍വുകളിലൂടെ പുനര്‍ക്രമീകരിക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക് സാധ്യമാകുന്നില്ല.
മുതലാളിയുടെ ഭാഗത്തു നിന്നായാലും തൊഴിലാളിയുടെ ഭാഗത്തുനിന്നായാലും പ്രകൃതിക്കേല്‍ക്കുന്ന മുറിവുകളുടെ ആഴം ഒന്നുതന്നെയാണ്. മുതലാളിത്തത്തിനു ബദലായി ഒരു വികസനനയം സി.പി.എം. പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു സാധ്യമായില്ല. കണ്ടല്‍തീം പാര്‍ക്കിന്റെ പേരില്‍ കണ്ടല്‍വനങ്ങള്‍ വെട്ടി നശിപ്പിക്കാന്‍ തുനിഞ്ഞത് അതുകൊണ്ടാണ്. കോര്‍പറേറ്റ് വിരുദ്ധ നിലപാടും ആ പാര്‍ട്ടിക്കില്ല. അതുകൊണ്ടാണ് കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് സ്വീകരിക്കുന്നതും ബി.ഒ.ടി. വിരുദ്ധ സമരത്തെ പാര്‍ട്ടി തള്ളിക്കളയുന്നതും. പാലിയക്കരയില്‍ ചുങ്കം പിരിവുകാരന്റെ ഭാഗത്താണു പാര്‍ട്ടി. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കൊപ്പവും ടാറ്റയ്‌ക്കൊപ്പവുമായി നില്‍ക്കേണ്ട ഗതികേട് കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കു വന്നുചേരുന്നതു കാലഘട്ടത്തിന്റെ ശാപമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്‌ഥയും ഇതില്‍ നിന്നു വ്യത്യസ്‌തമല്ല. മാര്‍ക്‌സിസത്തേക്കാള്‍ പരിസ്‌ഥിതി സൗഹൃദപരമായ ആശയസംഹിതയാണു ഗാന്ധിസം.
സുസ്‌ഥിര വികസനത്തേക്കുറിച്ച് ഉദാത്തമായ കാഴ്‌ചപ്പാടുണ്ട് ഗാന്ധിസത്തിന്. ഗാന്ധിസത്തില്‍ ഊന്നിക്കൊണ്ട് ഒരു വികസന സങ്കല്‍പം മുന്നോട്ടുവയ്‌ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും സാധ്യമായില്ല എന്നതാണു സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട ശാപം. ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന പാരിസ്‌ഥിതിക നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടര്‍ച്ചകള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു നവ തിരുത്തല്‍വാദികളുടെ നെല്ലിയാമ്പതി നിലപാടിനു പ്രസക്‌തിയേറുന്നത്.
ഈ വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാടുകളും പ്രസ്‌താവനകളും എന്നെ വേദനിപ്പിച്ചു. എനിക്കിഷ്‌ടമുള്ള രാഷ്‌ട്രീയ നേതാവാണ്‌് അദ്ദേഹം. വി.എസിന് ഒപ്പം നിന്നുകൊണ്ടു പല പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുത്ത ആളാണ്. ധീരമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളുമാണ്. നെല്ലിയാമ്പതി വിഷയത്തില്‍ സാധാരണ കുടിയേറ്റ കര്‍ഷകന്റെ രീതിയില്‍ സംസാരിച്ച് അദ്ദേഹം പരിഹാസ്യനാവരുതായിരുന്നു.
കുടിയേറ്റ കര്‍ഷകര്‍ ഒരുകാലത്ത് കേരളത്തിനു നല്‍കിയ സംഭാവനകള്‍ വിസ്‌മരിക്കുന്നില്ല. പക്ഷേ, ഹരിത രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ കുടിയേറ്റ കര്‍ഷകന്റെ പ്രപഞ്ച വീക്ഷണത്തെ തന്നെയും വര്‍ജിക്കേണ്ടി വരും. വനം മനുഷ്യര്‍ക്കു മാത്രമുള്ളതാണെന്നും എല്ലാ വനങ്ങളും കൃഷിയിറക്കാനായി വെട്ടി വെളിപ്പിക്കാനുള്ളതാണെന്നുമാണ് കുടിയേറ്റ കര്‍ഷകര്‍ വിശ്വസിക്കുന്നത്. കുടിയേറ്റങ്ങള്‍ കന്യാവനങ്ങള്‍ക്ക് ഏല്‍പിച്ച മുറിവുകളെക്കുറിച്ച് നമുക്കു ബോധ്യപ്പെടാന്‍ കാലമേറെ വേണ്ടിവന്നു. വനഭൂമികളുടെ ശോഷണം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. കാടുകള്‍ വെട്ടിത്തെളിച്ച് മനുഷ്യര്‍ മുന്നേറുമ്പോള്‍ വന്യജീവികള്‍ക്ക് എവിടെയായിരിക്കും ഇടം എന്നുകൂടി പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍ പറഞ്ഞുതരണം. വനങ്ങളൊക്കെ മനുഷ്യര്‍ക്കു മാത്രമുള്ളതാണെങ്കില്‍ വന്യജീവികളൊക്കെ വെടിയിറച്ചിക്കുള്ളതാവുമോ?
ഇപ്പോഴത്തെ ഹരിത രാഷ്‌ട്രീയവുമായി ഈ യു.ഡി.എഫ്. എം.എല്‍.എ.മാര്‍ മുന്നോട്ടു പോകുമെങ്കില്‍ ഭാവി കേരളത്തെക്കുറിച്ച് ചില പ്രതീക്ഷകള്‍ നാമ്പെടുക്കും.
Friday, 10 August 2012
Subscribe to:
Posts (Atom)